ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാതെ സിപിഎം. വിഎസ് പക്ഷത്തെ വെട്ടിനിരത്തി പാര്‍ട്ടിയില്‍ അപ്രമാദിത്വം നേടിയ പിണറായി പക്ഷത്തിന് ഒടുവില്‍ കാലിടറുന്നു. പാര്‍ട്ടിക്കും നേതൃത്വത്തിനും സംഘടനാപരമായും നയപരമായും ഉണ്ടായ വീഴ്ചകള്‍ കേന്ദ്രകമ്മറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളും പരസ്യമായി തുറന്നു പറയുകയും സമൂഹമദ്ധ്യത്തില്‍ ചര്‍ച്ചയ്‌ക്ക് അവസരം ഒരുക്കുകയും ചെയ്യുന്നത് സിപിഎമ്മില്‍ പതിവില്ലാത്തതാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉള്‍പ്പടെ പൊതുവേദിയില്‍ കേരളത്തിലെ നേതൃത്വത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.
തോല്‍വിക്ക് തൊട്ടുപിന്നാലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മറ്റി യോഗങ്ങളില്‍ താഴെത്തട്ടുമുതല്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും അതിന് പരിഹാരം കാണുമെന്നും തീരുമാനം ഉണ്ടായെങ്കിലും പ്രഹസനമാക്കി മാറ്റിയെന്നാണ് ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്.
സര്‍ക്കാരിനെ പത്തു വര്‍ഷം നയിച്ച പിണറായി വിജയനും, പാര്‍ട്ടിയെ നയിച്ച എം.വി. ഗോവിന്ദനും സംരക്ഷണ കവചം ഒരുക്കാനുള്ള നീക്കമാണ് ഔദ്യോഗിക പക്ഷം നടത്തിയത്. വിവിധതലങ്ങളിലുള്ള കമ്മറ്റികളില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും തിരുത്തല്‍ നടപടിയുണ്ടായില്ല. വ്യക്തിപരമായ വീഴ്ചകളല്ല പാര്‍ട്ടിയുടെ സംഘടനാപരമായ ദൗര്‍ബല്യങ്ങളാണ് തോല്‍വിക്ക് കാരണമെന്ന പിണറായിയുടെയും ഗോവിന്ദന്റെയും വിശദീകരണം തന്നെ ഇതിന് തെളിവായി മാറി.
പ്രതിപക്ഷ നേതാവായി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിയായി എം. ഗോവിന്ദനും തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുന്‍പോട്ടുള്ള പോക്ക് സുഗമമാകില്ലെന്ന ചിന്ത സിപി
എമ്മില്‍ വ്യാപകമാകുകയാണ്. പിണറായിയുടെയും ഗോവിന്ദന്റെയും തട്ടകമായ കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണ് ഇരുവര്‍ക്കും എതിരെ നീക്കം ആരംഭിച്ചത്.
രണ്ടര പതിറ്റാണ്ടായുള്ള പിണറായി വിജയന്റെ ആധിപത്യത്തിന് സിപിഎമ്മില്‍ ശക്തമായ വെല്ലുവിളി ഉയരുന്നു. എം.എ ബേബിയുടെ പിന്തുണയാണ് ഇവരുടെ ശക്തി. നിയമസഭയില്‍ പോലും പിണറായി വിജയനെ പരിഹാസ്യനാക്കി കെ.എന്‍. ബാലഗോപാല്‍ നടത്തിയ ഇടപെടലുകള്‍ ഇതിന്റെ തുടര്‍ച്ചയാണ്. കടുത്ത പിണറായി പക്ഷക്കാരെ ഇത് ഞെട്ടിച്ചു.
















