കാഞ്ഞങ്ങാട്: കനത്ത മഴയില്‍ വീട് നിലം പതിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്നംഗം കുടുംബം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭയിലെ ഒമ്പതാം വാര്‍ഡ് പൈരടുക്കത്തെ സി.പ്രദീപ്കുമാറും കുടുംബവും താമസിക്കുന്ന ഓടിട്ട വീടാണ് ഇന്നലെ വെളുപ്പിന് നാലോടെ തകര്‍ന്നു വീണത്.
വീട് തകര്‍ന്നു വീഴുന്ന ശബ്ദം കേട്ട് പ്രദീപിന്റെ മാതാവ് ലീലാവതി, ഭാര്യ എം.ശ്രീവിദ്യ, മകന്‍ പ്രണവ് എന്നിവര്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തമാണ് വഴി മാറിയത്. ജോലിയാവശ്യാര്‍ത്ഥം പ്രദീപന്‍ കോഴിക്കോടായിരുന്നു. വീട് തകര്‍ന്നു വീഴുന്ന ശബ്ദവും, വീട്ടുകാരുടെ നിലവിളിയും കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. വൈകുന്നേരത്തോടെ ബല്ല വില്ലേജ് ഓഫീസര്‍ ജി.ബിജു, അസിസ്റ്റന്റ് ടി.പി.ബിജു എന്നിവര്‍ വീട്ടിലെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി പ്രദീപ് കുമാര്‍ പറഞ്ഞു.
വീട് താമസ യോഗ്യമല്ലാത്തതിനാല്‍ കുടുംബം അടുത്ത ബന്ധു വീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. കാലവര്‍ഷം കനത്തതോടെ തിങ്കളാഴ്‌ച്ച രാത്രിയിലും, ചൊവ്വാഴ്ച വെളുപ്പിനും കാഞ്ഞങ്ങാടും, പരിസരങ്ങളിലും ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു.
















