
കട്ടപ്പന: കഴിഞ്ഞ കുറെക്കാലങ്ങളായി അനുദിനം കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചിരിക്കുകയാണെന്ന് പരാതി. എന്നാല്‍ ഇതിന് പരിഹാരം കണ്ടെത്തേണ്ട ഭക്ഷ്യ വകുപ്പും സംസ്ഥാന സര്‍ക്കാരും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ 10 വര്‍ഷം തങ്ങള്‍ കേരളത്തില്‍ തേനും പാലും ഒഴുക്കിയെന്ന് അവകാശപ്പെട്ട് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ഇടത് മുന്നണി അന്നും ഇന്നും കേന്ദ്രത്തെ പഴിചാരുകയാണ്.
വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമാണ് മാവേലി സ്റ്റോറുകളും സപ്ലൈകോ മാര്‍ക്കറ്റുകളും. ഇവിടങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ വഞ്ചിതരാകുകയാണ്. അവശ്യവസ്തുക്കളായ സബ്‌സിഡി ഉല്‍പ്പന്നങ്ങളില്‍ പലതും ഒരിടത്തും തന്നെ ലഭ്യവുമല്ല. റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ കേന്ദ്ര സഹായം ഒന്നു കൊണ്ടു മാത്രമാണ്. റേഷന്‍ കടകള്‍ വഴി അവശ്യ വസ്തുക്കള്‍ വിലക്കുറവില്‍ വിതരണം ചെയ്യുമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയും വെളിച്ചം കണ്ടതുമില്ല.
സബ്സിഡി ഇല്ലാത്ത പല ഉല്പന്നങ്ങള്‍ക്കും സപ്ലൈകോ മാര്‍ക്കറ്റുകളില്‍ ഈടാക്കുന്നതാകട്ടെ പൊതുവിപണിയേക്കാള്‍ കൂടുതല്‍ വിലയുമാണ്. പുതുതായി അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരും വിലക്കയറ്റത്തിനെതിരെ ബജറ്റില്‍ പോലും ഒന്നും പരാമര്‍ശിച്ചിട്ടുമില്ല. ഒരു സാധാരണ കുടുംബത്തിലെ ഒന്നോ രണ്ടോ പേര്‍ നിത്യവൃത്തിക്കായി കൂലിപ്പണിക്ക് പോയാലും എങ്ങും കൂട്ടിമുട്ടിക്കാനാകാത്ത അവസ്ഥയിലാണ്. പാലിനും മറ്റും വില കൂട്ടിയതോടെ പത്ത് രൂപയ്‌ക്ക് ലഭിച്ചിരുന്ന ചായക്ക് ഇരുപത് രൂപ വരെയാണ് ഈടാക്കുന്നത്. ഇതിനാല്‍ ചായ കുടി ഉപേക്ഷിച്ചവരും കുറവല്ല.
ബ്രാന്‍ഡ് അരികള്‍ക്ക് കിലോഗ്രാമിന് 50 രൂപയില്‍ നിന്നും 80 രൂപയിലേറെയായിട്ടാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പച്ചക്കറികള്‍ക്കെല്ലാം തീവിലയാണ്. ബീന്‍സിന് 100, 120 രൂപ, പയര്‍ 80-100 രൂപ എന്നിങ്ങനെയാണ് അടുത്ത കാലത്തെ വില. 50 രൂപയില്‍ താഴെ ഒരിനം പച്ചക്കറിയും നിലവില്‍ ലഭ്യവുമല്ല. മത്സ്യത്തിന്റെയും ഇറച്ചിയുടെയും വില കേട്ടാല്‍ സാധാരണക്കാര്‍ ഞെട്ടി പിന്മാറുകയാണ്. മത്സ്യ ലഭ്യത കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് വില 300 മുതല്‍ 1000 രൂപ വരെയാക്കി വര്‍ദ്ധിപ്പിച്ചത്. മുട്ടവില 6ല്‍ നിന്നും 8 രൂപയും കടന്നിരിക്കുകയാണ്.
തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയും മറ്റും എത്തിയില്ലെങ്കില്‍ വിപണികള്‍ കാലിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇറച്ചികളുടെ വില പലയിടത്തും തോന്നും പടിയാണ് ഈടാക്കുന്നത്. വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി.