ന്യൂദല്‍ഹി: രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനായി ഹരിയാന രംഗത്ത്. രണ്ട് ബിജെപി സര്‍ക്കാരുകള്‍ തമ്മിലുള്ള സഹകരണത്തിലൂടെ ഇരുസംസ്ഥാനങ്ങള്‍ക്കും ഗുണകരമായ വമ്പന്‍ പദ്ധതിയാണ് ഒരുങ്ങുന്നത്. ഇതിലൂടെ രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിയ്‌ക്കും.
രാജസ്ഥാനിലെയും ഹരിയാനയിലെയും ജനങ്ങൾക്ക് വലിയ ആശ്വാസമാണ് 34,102 കോടി രൂപയുടെ സുപ്രധാന യമുന ജല കരാര്‍. ഈ കരാറിൽ ഇരു സംസ്ഥാനങ്ങളും ഒപ്പുവെച്ചു. ഈ കരാര്‍ പ്രകാരം ഹരിയാനയില്‍ നിന്നും 58 കോടി ക്യൂബിക് മീറ്റര്‍ വെള്ളം യമുനാ കനാല്‍ വഴി രാജസ്ഥാന് നല്‍കും. ഹഥിനി കുണ്ഡ് അണക്കെട്ടില്‍ നിന്നുമാണ് രാജസ്ഥാനിലേക്ക് ജലത്തിനടിയിലൂടെയുള്ള പൈപ്പലൈന്‍ വഴി വെള്ളം നല്‍കും.ജൂലായ് മുതല്‍ ഒക്ടോബര്‍ മാസം വരെ മണ്‍സൂണ്‍ കാലത്താണ് കുടിവെള്ളം നല്‍കുക.
രാജസ്ഥാനിലെ കുടിവെള്ള ലഭ്യത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആധുനിക പൈപ്പ്‌ലൈൻ ശൃംഖലയിലൂടെ രാജസ്ഥാന് അർഹമായ യമുനാ ജലം എത്തിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. വെള്ളം ലഭിക്കാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിനും ഈ പദ്ധതി സഹായകമാകും.
ഹരിയാനയിലെ ഭിവാനി പോലുള്ള വരണ്ട പ്രദേശത്ത് കുടിവെള്ളമെത്തിക്കലും ഹരിയാനയിലെ പടിഞ്ഞാറന്‍ യമുനാ കനാല്‍ കമാന്‍റ് ഏരിയയില്‍ കാര്‍ഷിക ഭൂമിയില്‍ ജലസേചനം നല്‍കലും ഈ പദ്ധതിയുടെ ഭാഗമാണ്.
ഈ കരാർ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ജല മാനേജ്മെന്‍റിലെ സഹകരണത്തെയും ദീർഘകാല ജല സുരക്ഷയിലേക്കുള്ള നിർണ്ണായക ചുവടുവെപ്പിനെയും സൂചിപ്പിക്കുന്നു. പ്രാദേശിക വിഭവ ആസൂത്രണത്തിലും ജല മാനേജ്മെന്‍റിലും ഇതൊരു വലിയ ചുവടുവെപ്പായാണ് കണക്കാക്കപ്പെടുന്നു.
ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
















