മൂവാറ്റുപുഴ : പോക്സോ കേസിലെ പ്രതിക്ക് 43 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. സൗത്ത് മാറാടി പാറയിൽ അമീർ (42)നെയാണ് മൂവാറ്റുപുഴ ജില്ലാ സ്പെഷ്യൽ ജഡ്ജ് സമീർ എ. ശിക്ഷ വിധിച്ചത്. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ 2023 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസാണിത്.
2023 ൽ കോലഞ്ചേരി കടമറ്റത്ത് വ്യാജ പേരിൽ സിദ്ധനായി നടിച്ച് ജ്യോതിഷാലയം നടത്തി വരുകയായിരുന്നു പ്രതി. പേടി മാറ്റുന്നതിനായി പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ രക്ഷിതാക്കൾ ജ്യോതിഷാലയത്തിൽ പൂജ നടത്തുന്നതിനായി കൊണ്ടുവന്ന സമയം പൂജയുടെ മറവിൽ പ്രതി കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ ഇയാളെ പോലീസ് കാർ ചെയ്‌സ് ചെയ്ത അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതി വാടകയ്‌ക്ക് എടുത്ത് നടത്തിവന്ന കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന ജ്യോതിഷാലയത്തിൽ നിന്നും നിരവധി വിഗ്രഹങ്ങളും പണവും കണ്ടെത്തിയിരുന്നു. പുത്തൻകുരിശ് പോലിസ് ഇൻസ്പെക്ടർ ആയിരുന്ന ദിലീഷ്.ടി ആയിരുന്നു കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ട് ജമുന പി ആർ ഹാജരായി. അന്വേഷണ സംഘത്തിൽ കെ.സജീവ് (റിട്ട), മനോജ് കുമാർ, ബിജു ജോൺ, എ.എസ്.ഐമാരായ ചന്ദ്ര ബോസ് ,ജിഷാ മാധവൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. എ എസ് ഐ ലേഖ ആയിരുന്നു കോർട്ട് ലെയ്സൻ ഓഫീസർ.
















