കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലും സത്യപ്രതിജ്ഞാ വിവാദം. 18 യുഡിഎഫ് കൗണ്‍സിലര്‍മാരുടെയും ഒരു എസ്ഡിപിഐ കൗണ്‍സിലറുടെയും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് ബിജെപി പരാതി നല്‍കി. അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് നിയമപരമല്ലെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ..കെ. വിനോദ്കുമാര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
മുസ്ലിംലീഗ്, കോണ്‍ഗ്രസ് അംഗങ്ങളായ 18 പേരും ഒരു എസ്ഡിപിഐ കൗണ്‍സിലറും അള്ളാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ ആയിരുന്നില്ല ഇത്. അതിനാല്‍ ഈ 19 കൗണ്‍സിലര്‍മാരുടെയും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വീകരിച്ച അതേ നടപടി കണ്ണൂരിലും ബാധകമാണെന്നാണ് ബിജെപി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
സത്യപ്രതിജ്ഞ സംബന്ധിച്ച നിയമവ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടവയാണ്. ഭരണഘടനയും ജനപ്രാതിനിധ്യനിയമവും അനുശാസിക്കുന്ന മാതൃകയിലെ സത്യപ്രതിജ്ഞ ചെയ്യാവൂ. നിയമം അനുശാസിക്കാത്ത വാക്കുകളോ വയവസ്ഥകളോ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്തുന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണെന്നും പരാതിയില്‍ പറയുന്നു.
















