India

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി: അമൃത്സറിലേക്കുള്ള എയർ ഇന്ത്യ വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചത് സുരക്ഷാ സേനയിലും വ്യോമയാന മന്ത്രാലയത്തിലും ആശങ്കയുണ്ടാക്കി.നിർണായകമായ ഈ സുരക്ഷാ വീഴ്ച അധികൃതരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിന് വിമാനത്തിലെ ജീവനക്കാർക്കെതിരെ നടപടിയെടുത്തു. വിമാനം പാക് അതിർത്തിയിൽ കടന്ന വിവരം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യാൻ ഇവർ തയാറായില്ലെന്നാണ് കണ്ടെത്തൽ. പിന്നീട് ഇതേ വിമാനം വീണ്ടും ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് യാത്ര തിരിച്ചു.

സംഭവത്തിൽ വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.തിങ്കളാഴ്ച രാത്രി ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് പുറപ്പെട്ട വിമാനമാണ് (AI 479) ലാൻഡിംഗിനിടെ വഴിതെറ്റി പാക് അതിർത്തിക്കുള്ളിൽ കടന്നത്. അമൃത്സർ വിമാനത്താവളത്തിലെ റൺവേയിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധന കാരണം വിമാനത്തിന് വട്ടമിട്ടു പറക്കാൻ നിർദേശം ലഭിച്ചിരുന്നു. ഈ സമയത്താണ് വിമാനം പാക് അതിർത്തിയിലേക്ക് കടന്നത്. ലാഹോർ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് 15 സെക്കൻഡുകൾക്കുള്ളിൽ വിമാനം പാക് വ്യോമാതിർത്തിയിൽ നിന്ന് പുറത്തുകടക്കുകയും സുരക്ഷിതമായി ഡൽഹിയിലേക്ക് തിരിച്ചുപോവുകയും ചെയ്തു.

പാകിസ്ഥാൻ അതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ പൈലറ്റ് സ്ഥിതി മനസ്സിലാക്കുകയും വിമാനം തിരിച്ചുവിട്ട് ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാൽ അമൃത്സറിലിറക്കാതെ വിമാനം ഡൽഹിയിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോയി ലാൻഡ് ചെയ്യിക്കുകയായിരുന്നു. സാധാരണയായി നടത്തുന്ന ഒരു ‘ഗോ-എറൗണ്ട്’ പ്രക്രിയയ്‌ക്കിടയിലാണ് ഈ ചെറിയ വീഴ്ച സംഭവിച്ചതെന്നും ഡിജിസിഎയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തിൽ യാത്രാ സുരക്ഷയ്‌ക്ക് യാതൊരുവിധ ഭീഷണിയും ഉണ്ടായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

Recent Posts