കൊച്ചി: വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ ഹോത്ര. ചെറുകിട സംരംഭങ്ങളിലേക്ക് വികസനം എത്തിച്ചേരുമ്പോള്‍ മാത്രമേ ഭാരതത്തിന്റെ വികസനം യാഥാര്‍ത്ഥ്യമാകൂ. അന്താരാഷ്‌ട്ര എംഎസ്എംഇ ദിനത്തോടനുബന്ധിച്ച് ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് ചെറുകിട സംരംഭങ്ങള്‍ക്കായി ഒരു വകുപ്പ് തന്നെ രൂപീകരിച്ചത്. എംഎസ്എംഇകള്‍ സംരംഭകത്വത്തിന്റെ നഴ്സറിയാണ്. രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 31 ശതമാനവും നിര്‍മാണ ഉത്പാദനത്തിന്റെ 45 ശതമാനവും കയറ്റുമതിയുടെ ഏകദേശം 50 ശതമാനവും സംഭാവന ചെയ്യുന്നത് എംഎസ്എംഇ മേഖലയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ഏകദേശം 33 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിലൂടെ, കാര്‍ഷിക മേഖലയ്‌ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയായി എംഎസ്എംഇ മാറി. കയര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ടൂറിസം തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളില്‍നിന്ന് കരുത്ത് ഉള്‍ക്കൊള്ളുന്നതോടൊപ്പം തന്നെ വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്‌സ്, ഫിന്‍ടെക്, ശുദ്ധ ഊര്‍ജ്ജം എന്നീ മേഖലകളില്‍ നവീകരണത്തിന്റെ കേന്ദ്രങ്ങളായി ഉയര്‍ന്ന് കേരളവും എംഎസ്എംഇ മേഖലയുടെ സംരംഭകത്വ വീര്യത്തിന് മികച്ച ഉദാഹരണമായി നിലകൊള്ളുകയണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഒരുലക്ഷം കോടിയുടെ വായ്‌പയാണ് കേരളത്തില്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഔപചാരിക വായ്‌പാ സംവിധാനങ്ങളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുക, സംരംഭകരും ബാങ്കുകളും സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള ആശയ വിനിമയം സുഗമമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ആര്‍ബിഐ കേരള-ലക്ഷദ്വീപ് റീജണല്‍ ഡയറക്ടര്‍ പ്രവീണ്‍കുമാര്‍ വസന്തരാമചന്ദ്രന്‍, ആര്‍ബിഐ കൊച്ചി സെന്‍ട്രല്‍ ഓഫീസ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഡെവലപ്‌മെന്റ് വകുപ്പ് ചീഫ് മാനേജര്‍ ആര്‍. ഗിരിധരന്‍, ആര്‍ബിഐ കൊച്ചി സെന്‍ട്രല്‍ ഓഫീസ് ജനറല്‍ മാനേജര്‍ പ്രമോദ്കുമാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
















