ജമ്മുവിലെ ദോഡാ ജില്ലയിലെ ലാവെന്‍ഡര്‍ കര്‍ഷക ഈ സീസണിലെ ആദ്യ പൂക്കള്‍ വിളവെടുക്കുമ്പോള്‍ ശാസ്ത്രനയത്തെക്കുറിച്ച് ചിന്തിക്കാറുണ്ടാകില്ല. എന്നാല്‍, അവിടുത്തെ തരിശുകുന്നുകളെ സുഗന്ധം പരത്തുന്ന വയലറ്റ് പാടങ്ങളാക്കിയത് ഒരു ദശാബ്ദക്കാലത്തെ ലക്ഷ്യബോധത്തോടെയുള്ള ശാസ്ത്രീയ നിക്ഷേപങ്ങളാണ്. ഗ്രാമീണ ഉപജീവനമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ഈ മുന്നേറ്റം തുടങ്ങിയത് ഒരു ഗവേഷണശാലയിലായിരുന്നു. ഭാരതത്തില്‍ ശാസ്ത്രസാങ്കേതിക രംഗത്തോടുള്ള 12 വര്‍ഷത്തെ പ്രതിബദ്ധതയുടെ യഥാര്‍ത്ഥ അര്‍ത്ഥം ഇതാണ്; അറിവ് നേടുക മാത്രമല്ല, അതിനെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ ചാലകശക്തിയാക്കുക.
2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റപ്പോള്‍ ശാസ്ത്രത്തെ ഒരു വകുപ്പിന്റെ പ്രവര്‍ത്തനമായിട്ടല്ല, ഒരു ദേശീയ ദൗത്യമായിട്ടാണ് വിഭാവനം ചെയ്തത്. മുന്‍തലമുറ അസാധ്യമെന്ന് കരുതിയ പലതും തുടര്‍ന്നു വന്ന വര്‍ഷങ്ങളില്‍ യാഥാര്‍ത്ഥ്യമായി. ഇന്ന് ഭാരതം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകമിറക്കി. തദ്ദേശീയമായി ആന്റിബയോട്ടിക് വികസിപ്പിച്ചു. സൂപ്പര്‍കമ്പ്യൂട്ടറുകള്‍ നിര്‍മിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബഹിരാകാശ സമ്പദ്വ്യവസ്ഥയും സൃഷ്ടിച്ചു. ഈ നേട്ടങ്ങളെല്ലാം സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വശം.
ശാസ്ത്രം ഇനി ലബോറട്ടറികളില്‍ ഒതുങ്ങുന്ന ഒന്നല്ല; അത് ദേശീയ വികസനത്തിന്റെയും ജനശാക്തീകരണത്തിന്റെയും കരുത്തുറ്റ ഒറ്റമൂലിയാണ്.
കാലാവസ്ഥാ വ്യതിയാനം കൃഷിയെ എപ്പോഴും ബാധിക്കാറുണ്ട്. എന്നാല്‍ ഭൗമ നിരീക്ഷണപ്രവചന സംവിധാനങ്ങള്‍ നവീകരിച്ചതോടെ കര്‍ഷകര്‍ക്ക് ഇപ്പോള്‍ കൃത്യമായ പ്രാദേശിക കാലാവസ്ഥാ വിവരങ്ങള്‍ ലഭിക്കുന്നു. നാളെ വിളവെടുക്കണോ അതോ കാത്തിരിക്കണോ എന്ന് കര്‍ഷക കുടുംബങ്ങള്‍ക്ക് ഇനി കൃത്യമായി തീരുമാനിക്കാം. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പേ മുന്നറിയിപ്പ് നല്‍കാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഈ മാറ്റം രക്ഷിക്കപ്പെട്ട ജീവനുകളിലും സംരക്ഷിക്കപ്പെട്ട ഉപജീവനമാര്‍ഗങ്ങളിലുമാണ് പ്രതിഫലിക്കുന്നത്.
ജമ്മു കശ്മീരിലെ ‘അരോമ ദൗത്യം’ ഇതിനൊരു മികച്ച ഉദാഹരണമാണ്. സാങ്കേതികവിദ്യയും വിത്തുകളും വിപണിയും നല്‍കി കര്‍ഷകരെ ലാവെന്‍ഡര്‍ കൃഷിയിലേക്ക് ആകര്‍ഷിച്ച ഈ പദ്ധതിയാണ് പിന്നീട് ഭാരതത്തിന്റെ ‘പര്‍പ്പിള്‍ വിപ്ലവം’ ആയി മാറിയത്. ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങളാണ് ഇതിലൂടെ വരുമാനം കണ്ടെത്തുന്നത്. കുങ്കുമപ്പൂ കൃഷി വ്യാപിപ്പിച്ചത്, ഔഷധസസ്യങ്ങളുടെ കൃഷി, ഭാരതത്തിലാദ്യമായി കായം കൃഷി പരിചയപ്പെടുത്തിയത് എന്നിവയെല്ലാം മണ്ണില്‍ വേരൂന്നിയ ഇത്തരം നൂതനാശയങ്ങളുടെ വിജയമാണ്.
ഗ്രാമീണ ശാക്തീകരണം കൃഷിയില്‍ മാത്രം ഒതുങ്ങുന്നില്ല. കുറഞ്ഞ ചെലവിലുള്ള ‘3ഡി പ്രിന്റഡ്’ ഭവന മാതൃകകള്‍, ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്ന നിര്‍മ്മിതബുദ്ധി സംവിധാനങ്ങള്‍ എന്നിവയെല്ലാം സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിനിയോഗിക്കുന്നു. ‘നാഷണല്‍ മിഷന്‍ ഓണ്‍ ഇന്റര്‍ഡിസിപ്ലിനറി സൈബര്‍ഫിസിക്കല്‍ സിസ്റ്റംസ്’ വഴി രാജ്യത്ത് 25 നൂതനാശയ ഹബ്ബുകള്‍ സ്ഥാപിച്ചു. കൃത്യതയാര്‍ന്ന കൃഷി, ശുദ്ധജലം, ഗ്രാമീണ ആരോഗ്യപരിപാലനം എന്നിവയിലൂന്നി പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് വഴിതുറന്നു.
ജനാരോഗ്യത്തിന് കരുത്തായി ജൈവസാങ്കേതികവിദ്യ
ഭാരതത്തില്‍ ശാസ്ത്രത്തിന്റെ പരിവര്‍ത്തനശക്തി ഏറ്റവും പ്രകടമായത് ആരോഗ്യമേഖലയിലാണ്. മുന്‍പ് മറ്റിടങ്ങളില്‍ കണ്ടെത്തിയ മരുന്നുകളുടെ ജനറിക് പതിപ്പുകള്‍ നിര്‍മിക്കുന്നതിലായിരുന്നു നമ്മുടെ ശ്രദ്ധ. എന്നാല്‍ ഇന്ന് ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ആന്റിബയോട്ടിക് ‘നാഫിത്രോമൈസിന്‍’ പുറത്തിറക്കി. ഇത് ഔഷധനിര്‍മാണ രംഗത്തെ സ്വയംപര്യാപ്തതയുടെ പ്രഖ്യാപനമാണ്. ലോകത്തിലെ ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രം സാധ്യമായിരുന്ന മരുന്ന് ഗവേഷണ രംഗത്തേക്ക് ഭാരതവും ഇതോടെ ചുവടുവെച്ചു.
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ഹീമോഫീലിയ രോഗികള്‍ക്കായി നടത്തിയ രാജ്യത്തെ ആദ്യ തദ്ദേശീയ ജീന്‍ തെറാപ്പി ക്ലിനിക്കല്‍ പരീക്ഷണവും നിര്‍ണായകമാണ്. രോഗലക്ഷണങ്ങള്‍ താല്‍ക്കാലികമായി നിയന്ത്രിക്കുന്നതിന് പകരം, ജനിതക തകരാറിനെത്തന്നെ തിരുത്തുകയാണ് ജീന്‍ തെറാപ്പി ചെയ്യുന്നത്. പതിനായിരത്തിലധികം ഹ്യൂമന്‍ ജീനോമുകളുടെ ശ്രേണീകരണം പൂര്‍ത്തിയാക്കിയ ‘ജീനോംഇന്ത്യ’ പദ്ധതി കൂടി ചേരുമ്പോള്‍, ഓരോ രോഗിയുടെയും ജൈവിക ഘടനയ്‌ക്കനുസരിച്ച് മരുന്ന് ലഭ്യമാക്കുന്ന ഭാവിയിലേക്കാണ് നാം നീങ്ങുന്നത്.
കോവിഡ് മഹാമാരിയുടെ കാലത്ത് ആഭ്യന്തര ബയോമെഡിക്കല്‍ ശേഷിയുടെ പ്രാധാന്യം നാം കണ്ടതാണ്. തദ്ദേശീയമായി വാക്സിനുകള്‍ വികസിപ്പിച്ച് 140 കോടി ജനങ്ങളിലേക്ക് എത്തിച്ചത് നമ്മുടെ ജൈവസാങ്കേതികവിദ്യാ രംഗത്തെ നിക്ഷേപങ്ങളുടെ ഫലമായാണ്. ബയോടെക്നോളജി സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ‘ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍’ വലിയ പങ്ക് വഹിച്ചു. ഇന്ന് രാജ്യത്തെ നഗരങ്ങളിലും ക്യാമ്പസുകളിലും പുതുതലമുറ സംരംഭകര്‍ കൃത്യതയാര്‍ന്ന മരുന്നുകളും രോഗനിര്‍ണയ സംവിധാനങ്ങളും വികസിപ്പിക്കുന്നുണ്ട്.
നക്ഷത്രങ്ങളിലേക്ക് ഉയരുമ്പോഴും ഓരോ പൗരനും താങ്ങാകുന്നു
2023 ആഗസ്ത് 23ന് ചന്ദ്രയാന്‍3ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ നിമിഷം ഒരു സാങ്കേതിക വിജയം മാത്രമല്ല, ഒരു ദേശീയ പ്രഖ്യാപനമായിരുന്നു. മറ്റാര്‍ക്കും സാധിക്കാത്തതാണ് ഭാരതം ചെയ്തു കാട്ടിയത്. ഈ നേട്ടം രാജ്യത്തെ യുവതലമുറയുടെ സ്വപ്‌നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കി.
വലിയ ലക്ഷ്യങ്ങളും പ്രായോഗികതയും ഒത്തുചേര്‍ന്നതാണ് ഭാരതത്തിന്റെ ബഹിരാകാശഗാഥ. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ‘ആദിത്യഎല്‍1’ ദൗത്യം ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ വിപുലീകരിച്ചു. ഭ്രമണപഥത്തില്‍ രണ്ട് പേടകങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ‘സ്പേഡെക്സ്’ ദൗത്യം ഭാവിയിലെ ബഹിരാകാശ നിലയങ്ങള്‍ക്കും മനുഷ്യ ദൗത്യങ്ങള്‍ക്കും അടിത്തറയിട്ടു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല നടത്തിയ 18 ദിവസത്തെ വാസം മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകര്‍ന്നു.
2023ലെ ഇന്ത്യന്‍ ബഹിരാകാശ നയം ഈ മേഖല സ്വകാര്യ സംരംഭങ്ങള്‍ക്കായി തുറന്നുകൊടുത്തു. 2014ല്‍ വെറും 11 ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 400ലധികം സ്റ്റാര്‍ട്ടപ്പുകളുണ്ട്. ഇവര്‍ റോക്കറ്റുകളും ഉപഗ്രഹങ്ങളും നിര്‍മിക്കുകയും കാര്‍ഷികദുരന്തനിവാരണ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. 2014 മുതല്‍ ഭാരതത്തിന്റെ വിക്ഷേപണ പേടകങ്ങള്‍ 399 വിദേശ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചു. 2035ഓടെ സ്വന്തമായി ‘ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍’ സ്ഥാപിക്കാനും 2040ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് ഭാരതം മുന്നേറുന്നത്.
നൂതനാശയങ്ങളിലൂടെ സ്വയംപര്യാപ്തത
‘സ്വയംപര്യാപ്ത ഭാരതം’ എന്നത് ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഒരു ഭരണ തത്വശാസ്ത്രമായി മാറിയിരിക്കുന്നു. 6000 കോടിയിലധികം രൂപയുടെ ‘ദേശീയ ക്വാണ്ടം ദൗത്യം’ ഈ നൂറ്റാണ്ടിലെ സാങ്കേതിക മത്സരത്തില്‍ ഭാരതത്തിന്റെ സ്ഥാനം ഉറപ്പാക്കും. ക്വാണ്ടം കമ്പ്യൂട്ടിങ്, കമ്മ്യൂണിക്കേഷന്‍, സെന്‍സിങ് എന്നിവയില്‍ തദ്ദേശീയമായ ശേഷി വികസിപ്പിക്കാന്‍ സര്‍വകലാശാലകളെയും വ്യവസായങ്ങളെയും ബന്ധിപ്പിച്ചുള്ള ഹബ്ബുകള്‍ സ്ഥാപിച്ചുവരുന്നു.
ദേശീയ സൂപ്പര്‍കമ്പ്യൂട്ടിങ് ദൗത്യത്തിലൂടെ രാജ്യത്തുടനീളം അത്യാധുനിക സൂപ്പര്‍കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചു. ഇത് ഗവേഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ അവസരങ്ങള്‍ നല്‍കി. അതോടൊപ്പം, രാജ്യത്തെ ആദ്യ ബഹുഭാഷാ ജനറേറ്റീവ് നിര്‍മ്മിതബുദ്ധി പദ്ധതിയായ ‘ഭാരത്ജെന്‍’ ഭാരതീയ ഭാഷകളില്‍ വലിയ ഭാഷാ മാതൃകകള്‍ വികസിപ്പിക്കുന്നുണ്ട്.
കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ സംഭാവനകളും ശ്രദ്ധേയമാണ്. തദ്ദേശീയമായി വികസിപ്പിച്ച ‘ഹന്‍സ-എന്‍ജി’ ട്രെയിനര്‍ വിമാനം, രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന സെല്‍ കപ്പല്‍, സുസ്ഥിര വ്യോമയാന ഇന്ധനം എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
ഊര്‍ജ്ജസുരക്ഷയും ഭാവി സാങ്കേതികവിദ്യകളും
ആണവോര്‍ജ്ജ രംഗത്തും രാജ്യം വലിയ മുന്നേറ്റമാണ് നടത്തുന്നത്. 2026 ഏപ്രിലില്‍ കല്‍പ്പാക്കത്തെ 500 മെഗാവാട്ട് പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ പ്രവര്‍ത്തനസജ്ജമായത് ചരിത്രപരമായ നാഴികക്കല്ലാണ്. ഭാരതത്തിന്റെ മൂന്ന് ഘട്ടങ്ങളായുള്ള ആണവോര്‍ജ്ജ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. ഇത് ഭാവിയില്‍ നമ്മുടെ തോറിയം നിക്ഷേപം പ്രയോജനപ്പെടുത്താന്‍ സഹായിക്കും.
ആണവോര്‍ജ്ജം അര്‍ബുദ ചികിത്സാ രംഗത്തും മാറ്റങ്ങള്‍ വരുത്തുന്നു. 2025ലെ ‘ശാന്തി’ നിയമം ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കും. അതുപോലെ, ‘ആഴക്കടല്‍ ദൗത്യം’ വഴി സമുദ്രത്തിനടിയിലെ നിര്‍ണായക ധാതുക്കള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇത് വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാന്‍ സഹായിക്കും. ഇതിനായി പ്രത്യേക അന്തര്‍വാഹിനികളും സെന്‍സര്‍ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നുണ്ട്.
വികസിത ഭാരതത്തിലേക്ക്
2047ല്‍ ഭാരതം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, വികസിത രാഷ്‌ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ വേഗതയും ദിശയും നിര്‍ണയിക്കുന്നത് ശാസ്ത്രമായിരിക്കും. ‘അനുസന്ധാന്‍ ദേശീയ ഗവേഷണ ഫൗണ്ടേഷനും’, ഒരു ലക്ഷം കോടി രൂപയുടെ ‘ഗവേഷണവികസനനൂതനാശയ നിധി’യും രാജ്യത്തിന്റെ ബൗദ്ധിക ശേഷിയിലുള്ള വലിയ നിക്ഷേപങ്ങളാണ്. ഭാരതത്തിന്റെ വെല്ലുവിളികള്‍ക്കുള്ള പരിഹാരം നമ്മുടെ സ്വന്തം ഗവേഷണശാലകളില്‍ തന്നെയുണ്ടെന്ന വിശ്വാസമാണ് ഇവ നല്‍കുന്നത്.
ദോഡയിലെ ലാവെന്‍ഡര്‍ കര്‍ഷകയും, വെല്ലൂരിലെ ഗവേഷകനും, ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകനും ഒരേ ലക്ഷ്യത്തോടെ നീങ്ങുന്നവരാണ്. ശാസ്ത്രത്തെ വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച ഒരു രാജ്യത്തിന്റെ വിജയഗാഥയാണിത്. കഴിഞ്ഞ 12 വര്‍ഷം കൊണ്ട് കെട്ടിപ്പടുത്ത ഈ ശക്തമായ അടിത്തറയിലാണ് വികസിതവും സ്വയംപര്യാപ്തവുമായ ഭാരതം ഉയരുക.
















