ആന്തരികാത്മ വിഭാതസുമം വി-
ടരും നവ സൗരഭ ഭാവനയില്‍
സാഹിതി ശ്രേഷ്ഠ തപോധന മേധയില്‍
സാഹസമോ! മമ ചോദനകള്‍!
കതിരൊളിയാല്‍ നവ സര്‍ഗ്ഗരഥം
അകഭൂമികയില്‍ അറിവാര്‍ന്ന നില
അതി സൂക്ഷ്മതലം അനുഭൂതിമയം
അഭിരാമമതിന്‍ ബഹുസൃഷ്ടികളോ?
യുഗ ചക്രഗതി അഖിലേശകരം
നിജ ദാര്‍ശനികാശയനന്തതയില്‍
അണ്ഡകടാഹധിപന്‍ ധിഷണാര്‍ജ്ജവ-
അനിര്‍വചനീയമാ വിസ്തൃതിയില്‍
നിരുപമയുജ്ജ്വലയുഗ്രപഥം
അതിവിസ്മയമാം തമോഗര്‍ത്തമതില്‍
മിനുമിനെ മിന്നും താരഗണങ്ങള്‍
അനുസൃത മാര്‍ഗ്ഗാവംലബദൃശ്യം !
മനന മഹാസ്ഥിതിയില്‍ ഒരു മിന്നൊളി-
മുനയുടെ പതനമതിന്‍ പതിവായ്
വിഘടിത ബുദ്ധിയെഴും മസ്തിഷ്‌കം
വിഭ്രമ ചിന്തകളില്‍ വികലം.
















