മുംബൈ: ബിജെപിക്കൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട ശിവസേന ജയിച്ചതിനു പിന്നാലെ അധികാരത്തിനായി കോൺഗ്രസിനും എൻസിപിക്കും ഒപ്പം മഹാവികാസ് അഘാടി എന്ന സഖ്യം ഉണ്ടാക്കി പോയതോടെയാണ് ശിവസേനയും ബിജെപിയും തമ്മിൽ തെറ്റിയത്. തുടർന്ന്, ഉദ്ദവ് താക്കറെ മുഖ്യമന്ത്രി ആകുകയും ചെയ്തിരുന്നു. എന്നാൽ, ശിവസേനയിൽ പ്രവർത്തകർക്കിടയിൽ ഇതോടെ ആഭ്യന്തര കലഹം രൂക്ഷമാകുകയും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഭൂരിപക്ഷം എംഎൽഎ മാറും ശിവസേന വിടുകയും ചെയ്തു.
വിമതപക്ഷവും ബിജെപിയും ചേർന്ന് സർക്കാർ രൂപീകരിക്കുകയും പ്രവർത്തകർ ഭൂരിഭാഗവും വിമത പക്ഷത്തിനൊപ്പം ആകുകയും ചെയ്തു. ഉദ്ദവ് തക്കാരെയുടെ മകൻ ആദിത്യ താക്കറെയുടെ ഉപദേശമായിരുന്നു ഉദ്ദവിന് പാർട്ടി പോലും നഷ്ടപ്പെടാൻ കാരണം. ശിവസേനയുടെ പാരമ്പര്യ ഹിന്ദുത്വത്തിൽ നിന്ന് മാറിയതാണ് ഉദ്ദവിനെതിരെ പ്രവർത്തകർ തിരിയാൻ കാരണം. ഉദ്ദവിന്റെ വേഷവിധാനങ്ങൾ പോലും മാറിയത് പ്രവർത്തകരെ അമ്പരപ്പിച്ചു. ഇതിനിടെ, ന്യായീകരണവുമായി ഉദ്ദവ് രംഗത്തെത്തി. ബിജെപിയുടെ ഹിന്ദുത്വത്തെക്കാൾ കോൺഗ്രസിന്റെ ഹിന്ദുത്വം ആണ് നല്ലത് എന്നും ഉദ്ദവ് പറഞ്ഞു.
പാർട്ടി ബാൽ താക്കറെയുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിച്ചുവെന്നും കോൺഗ്രസുമായുള്ള അടുപ്പം ആശങ്കയുണ്ടാക്കുന്നുവെന്നുമാണ് വിമതരുടെ പ്രധാന വാദം. ഒൻപത് ലോക്സഭാ എംപിമാരിൽ ആറുപേർ എതിർപക്ഷത്തേക്ക് നീങ്ങിയതോടെ ഉദ്ധവ് പക്ഷം കടുത്ത പ്രതിസന്ധിയിലാണ്. വിമത എംപിമാർ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി പ്രത്യേക ഗ്രൂപ്പായി അംഗീകാരം തേടിയതായാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ ഉദ്ധവ് വിഭാഗം നോട്ടീസ് നൽകി നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ഈ കൂറുമാറ്റത്തില്‍ വോട്ടര്‍മാരോട് ഉദ്ധവ് താക്കറെ മാപ്പ് ചോദിച്ചു. ‘ഇന്ന് ഞാന്‍ വോട്ടര്‍മാരോട് ക്ഷമ ചോദിക്കുന്നു. കാരണം അവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തു, പക്ഷേ ഞങ്ങളുടെ എംപിമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചു പോയി,’ അദ്ദേഹം പറഞ്ഞു. ഇതിന്റെ മറുപടി ഷിൻഡെ നൽകി,’ബാല്‍സാഹെബിനെ എന്നും അധിക്ഷേപിച്ചവരെയാണ് നിങ്ങള്‍ ഇന്ന് പൂജിക്കുന്നത്. എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയെ തകര്‍ക്കാന്‍ നോക്കിയവരാണ്, ഇപ്പോള്‍ നിങ്ങള്‍ അവരുടെ മടിയിലാണ് ഇരിക്കുന്നത്,’ ഷിന്‍ഡെ പരിഹസിച്ചു.
ഇപ്പോഴത്തെ രാഷ്‌ട്രീയ നീക്കങ്ങള്‍ തുടക്കം മാത്രമാണെന്ന് സൂചിപ്പിച്ചുകൊണ്ട്, ‘ഇത് വെറും ട്രെയിലര്‍ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് കാത്തിരുന്ന് കാണാം,’ എന്ന് ഷിന്‍ഡെ മുന്നറിയിപ്പ് നല്‍കി. 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം തങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
















