മുംബൈ: ഉദ്ധവ് താക്കറേ വിഭാഗം ശിവസേനയുടെ എംഎൽസി ആയ സച്ചിൻ അഹിർ ഏക്ധാഥ് ഷിന്‍ഡേയുടെ ശിവസേനയിൽ ചേര്‍ന്നു. ഉദ്ധവ് താക്കറെയ്‌ക്ക് വലിയ തിരിച്ചടിയാണിത്. കഴിഞ്ഞ ആഴ്ച ആറ് എംപിമാര്‍ ഉദ്ധവ് പക്ഷത്ത് നിന്നും ഷിന്‍ഡേ പക്ഷത്തേക്ക് എത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഒരു എംഎല്‍സി കൂടി ഉദ്ധവ് ക്യാമ്പില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. ഭാവിയില്‍ നിരവധി എംഎല്‍എമാര്‍ കൂടി ഷിന്‍ഡേ പക്ഷത്ത് എത്തുമെന്ന് കരുതുന്നു. ഉദ്ധവ് താക്കറെയ്‌ക്ക് ഭാവിയില്ല എന്ന അഭിപ്രായം ശിവസേന (യുബിടി) അംഗങ്ങളില്‍ ശക്തമാവുകയാണ്. ഭാവി വേണമെങ്കില്‍ സുസ്ഥിരമായ എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കണമെന്നാണ് പ്രതികരണങ്ങള്‍ ഉയരുന്നത്.
സച്ചിന്‍ അഹിര്‍ മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശവും സമർപ്പിച്ചിരിക്കുകയാണ്. ഇതോടെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ചൊവ്വാഴ്ച ഉദ്ധവ് ക്യാമ്പിനെതിരെ ആഞ്ഞടിച്ചു.
സച്ചിന്‍ അഹിറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഷിൻഡെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ നീക്കത്തെ ക്രിക്കറ്റ് മൈതാനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തുന്ന ഒരു മാസ്റ്റർസ്ട്രോക്കിനോട് ഉപമിച്ചു. “ഇന്ന് സച്ചിൻ അഹിർ സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹം ഒരു പ്രധാന നേതാവാണ്. ഇന്ന്, ഡെപ്യൂട്ടി ചെയർമാന്റെ നാമനിർദ്ദേശ ഫോമും മഹായുതി ഫോമും അദ്ദേഹം പൂരിപ്പിച്ചു,” ഷിൻഡെ പറഞ്ഞു.
‘ഞങ്ങൾ ആളുകളെ തകർക്കുന്നില്ല, അവരെ ഒരുമിച്ച് കൊണ്ടുവരുന്നു’
തന്റെ പാർട്ടി കൂറുമാറ്റങ്ങളിലൂടെയാണ് വളരുന്നതെന്ന ആരോപണങ്ങൾ ഷിന്‍ഡേ തള്ളിക്കളഞ്ഞു. “ആളുകളെ തകർക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. ശിവസേനയെ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രവർത്തിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഉദ്ധവ് താക്കറെയ്‌ക്കെതിരെ പുതിയ ആക്രമണം
2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തന്നെ മഹായുതി സർക്കാർ രൂപീകരിക്കേണ്ടതായിരുന്നുവെന്ന് ഷിൻഡെ ആരോപിച്ചു. ഹിന്ദിയിൽ സംസാരിക്കവേ, 2022 ജൂൺ 30 ന് സത്യപ്രതിജ്ഞ ചെയ്തത് യാദൃശ്ചികമാണെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ 2019 ൽ ജനങ്ങളുടെ വിധി വഞ്ചിക്കപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
“മഹായുതി സർക്കാർ 2019 ൽ തന്നെ അധികാരത്തിൽ വരേണ്ടതായിരുന്നു. എന്നാൽ ബാലാസാഹേബ് താക്കറെയുടെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ശിവസേന കോൺഗ്രസുമായി കൈകോർത്തപ്പോൾ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിലെ ജനവിധിയും ദേവേന്ദ്ര ഫഡ്‌നാവിസും പിന്നിൽ നിന്ന് കുത്തപ്പെട്ടു,” ഷിൻഡെ ആരോപിച്ചു.
ഉദ്ധവ് താക്കറെയുടെ വിമർശനത്തെ “മുതലക്കണ്ണീർ” എന്നാണ് ഷിന്‍ഡേ വിശേഷിപ്പിച്ചത്. പ്രതിപക്ഷ ക്യാമ്പിലെ നിയമസഭാംഗങ്ങളുമായി ബന്ധം പുലർത്തുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഷിൻഡെ പുഞ്ചിരിയോടെ നല്‍കിയ മറുപടി ഇതാണ്.“ ഇന്ന് ഞാൻ എല്ലാം വെളിപ്പെടുത്തിയാൽ, നാളത്തെ ബ്രേക്കിംഗ് ന്യൂസായി എന്താണ് അവശേഷിക്കുക?” അദ്ദേഹം പരിഹസിച്ചു.
ഉദ്ധവ് പക്ഷത്ത് നിന്നും മാറിയ സച്ചിന്‍ അഹിറിന്റെ കഴിവിനെ ഷിന്‍ഡേ പ്രശംസിച്ചു. “സച്ചിൻ അഹിറിന് ബാറ്റിംഗ് മാത്രമല്ല, ബൗളിംഗും കൈകാര്യം ചെയ്യാൻ കഴിയും,”. ഇതോടെ ചെറു പുഞ്ചിരിയോടെ “എനിക്ക് ഗൂഗ്ലിയും കൈകാര്യം ചെയ്യാൻ കഴിയും” എന്ന് സച്ചിന്‍ അഹിർ പറഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ പൊട്ടിച്ചിരിച്ചു.
ഷിൻഡെയ്‌ക്ക് നന്ദി
ശിവസേനയിൽ ചേർന്ന ശേഷം സംസാരിച്ച സച്ചിൻ അഹിർ, ഡെപ്യൂട്ടി ചെയർമാൻ സ്ഥാനാർത്ഥിത്വം തന്നെ ഏൽപ്പിച്ചതിന് ഏകനാഥ് ഷിൻഡെയോട് നന്ദി പറഞ്ഞു. ഉദ്ധവ് പക്ഷത്ത് നിന്നും ഷിന്‍ഡേ പക്ഷത്തേക്ക് മാറാനുള്ള തന്റെ തീരുമാനം രാഷ്‌ട്രീയ പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം സമ്മതിച്ചു.
















