ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 80 ലേറെ പേർക്ക് പരുക്കേറ്റു. 11 പേരുടെ നിലഗുരുതരമാണ്. ലണ്ടനിൽ നിന്ന് 90 കിലോ മീറ്റർ അകലെ ബെഡ്ഫോഡിലാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രാദേശിക സമയം ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് അപകടമുണ്ടായത്. ബെഡ്ഫോഡിന് സമീപം വെച്ച് ഒരു ട്രെയിനിന്റെ പുറകിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. സിഗ്നൽ സംവിധാനത്തിൽ പെട്ടെന്നുണ്ടായ തകരാറിനെ തുടർന്ന് ലോകോ പൈലറ്റ് ട്രെയിൻ നിർത്തി പരിശോധിക്കുന്നതിനിടയിലാണ് തൊട്ടുപിന്നാലെ വന്ന ട്രെയിൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്.
ശക്തമായ ഇടിയിൽ പലരും മുന്നിലെ സീറ്റുകളിലേക്ക് തെറിച്ചുവീഴുകയും ബോധരഹിതരാകുകയും ചെയ്തു. പുക ഉയർന്നതോടെ ട്രെയിനിൽ വലിയ രീതിയിൽ പരിഭ്രാന്തി പരന്നു. പലരുടെയും കൈകാലുകൾ ഒടിയുകയും ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുകുകയും ചെയ്തതായി രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു.
അപകടത്തിന്റെ മറ്റു വിവരങ്ങൾ പുറത്തുവരാനുണ്ട്. നിലവിൽ ട്രെയിൻ ഗതാഗത സംവിധാനം നിലച്ചിരിക്കുകയാണ്. അപകടത്തെത്തുടർന്ന് സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്കും തിരികെയും ഉള്ള എല്ലാ ട്രെയിൻ സർവീസുകളും ഈസ്റ്റ് മിഡ്ലാന്റ്സ് റെയിൽവേ താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.
Two Passenger Trains Collide North of London; Major Incident Declared
pic.twitter.com/SoHTrCsTAF— NewsWire (@NewsWire_US) June 19, 2026











