പ്രശസ്ത ചരിത്രകാരൻ വിക്രം സമ്പത്തിന്റെ ‘ശിവനുവേണ്ടിയുള്ള കാത്തിരിപ്പ്: കാശിയിലെ ജ്ഞാൻവാപിയുടെ സത്യം കണ്ടെത്തൽ,’ (Waiting for Shiva: Unearthing the Truth of Kashi’s Gyan Vapi) എന്ന പുസ്തകം, നിരവധി വെല്ലുവിളികൾക്കിടയിൽ ഹിന്ദുക്കൾ കാശി വിശ്വനാഥ ക്ഷേത്ര സംരക്ഷണത്തിനും ക്ഷേത്രം വീണ്ടെടുക്കാനുമായി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം വിശദമായി ചർച്ച ചെയ്യുന്നു. ഭാരതീയ സംസ്‌കാരത്തിന് വിത്തുപാകിയ ഹിന്ദുമതത്തിന്റെ അതുല്യ ചൈതന്യത്തെക്കുറിച്ച് ചിന്തിക്കാൻ ഇത് വായനക്കാരെ പ്രേരിപ്പിക്കുന്നു എന്നുമാത്രമല്ല കാശിയിലെ ജ്ഞാനവാപി പള്ളിയെ ചുറ്റിപ്പറ്റിയുള്ള സങ്കീർണ്ണതകളെ അനാവരണവും ചെയ്യുന്നു. ഹിന്ദുക്കളുടെ പവിത്ര സ്ഥലമായ കാശി വീണ്ടെടുക്കെണ്ടതിന്റെ അവശ്യകതയിലേക്ക് ആഴ്ന്നിറങ്ങി അതിന്റെ സാംസ്‌കാരിക, മത, രാഷ്‌ട്രീയ വശങ്ങളിലേക്ക് ഈ പുസ്തകം ഏറെ ഉൾക്കാഴ്ച നൽകുന്നു.
നിരവധി പ്രശസ്ത ഗ്രന്ഥങ്ങളുടെ രചയിതാവായ, ബെംഗളൂരു നിവാസിയായ ചരിത്രകാരനായ ഡോ. വിക്രം സമ്പത്തിന്റെ രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച വീര സവർക്കറിന്റെ ജീവചരിത്രം, ‘”Savarkar- echo’s from a forgotten past”, “Savarkar a contested legacy”എന്നീ പുസ്തകങ്ങൾ ഏറെ പ്രചാരം നേടിയവയായിരുന്നു. അദ്ദേഹത്തിന്റെ “Brave Hearts of Bharat- Vignettes from Indian History” ദേശീയതലത്തിൽ ഏറ്റവും പ്രചാരം നേടി. ഇദ്ദേഹത്തിന്റെ ടിപ്പു സുൽത്താനെക്കുറിച്ചുള്ള പുതിയ പുസ്തകം സൂക്ഷ്മമായി ഗവേഷണം ചെയ്ത് ആധികാരികവും നിരാകരിക്കാനാവാത്തതുമായ തെളിവുകളിലൂടെ ചരിത്രത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു വ്യക്തിയുടെ ജീവിതത്തെയും അദ്ദേഹത്തിന്റെ ചെയ്തികളെയും വിശദമായി പരിശോധിക്കുന്നു.
ലണ്ടനിലെ റോയൽ ഹിസ്‌റ്റോറിക്കൽ സൊസൈറ്റിയുടെ 2021 ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടർ വിക്രം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇംഗ്ലീഷ് സാഹിത്യത്തിനുള്ള യുവപുരസ്‌കാരവും ചരിത്ര ഗവേഷണത്തിലെ മികവിനുള്ള ന്യൂയോർക്കിലെ ARSE ഇന്റർനാഷണൽ അവാർഡും കരസ്ഥമാക്കിയ വ്യക്തിയാണ്. 2015 ൽ രാഷ്‌ട്രപതി ഭവനിലെ Writers In Residence പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്ത നാല് എഴുത്തുകാരിൽ ഒരാൾ വിക്രം ആയിരുന്നു.
ഓസ്‌ട്രേലിയയിലെ ക്വീൻസ്ലാൻഡ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിലും സംഗീതത്തിലും ഡോക്ടറേറ്റ് നേടിയ വിക്രം 2010 ൽ ബെർലിനിൽ വിസിറ്റിംഗ് ഫെലോ ആയി സേവനമനുഷ്ഠിക്കുകയും 2017 മുതൽ 2019 വരെ ന്യൂദൽഹിയിലെ നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിൽ സീനിയർ റിസർച്ച് ഫെലോ സ്ഥാനവും വഹിച്ചിരുന്നു. 2020 ൽ ആസ്‌പെൻ ഗ്ലോബൽ ലീഡർഷിപ്പ് നെറ്റ് വർക്കുമായും ഐസൻഹോവർ ഫെലോഷിപ്പുകളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന അദ്ദേഹം നിലവിൽ ഓസ്‌ട്രേലിയയിലെ മൊണാഷ് സർവകലാശാലയിൽ സീനിയർ ഫെലോ ആയി സേവനമനുഷ്ഠിച്ചുവരുന്നു.
അടുത്തിടെ ഒരു അഭിമുഖത്തിൽ, ഡോ. വിക്രം സമ്പത്ത് കാശി വിശ്വനാഥ ക്ഷേത്രത്തെ അതിന്റെ മുൻകാല മഹത്വത്തിലേക്ക് പുനസ്ഥാപിച്ച് ജ്യോതിർലിംഗ പ്രതിഷ്ഠയാൽ പുണ്യം നേടിയ കാശിയെ ഹിന്ദുക്കൾ വീണ്ടെടുക്കേതിന്റെ അത്യാവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. അദ്ദേഹത്തിൻറെ ‘വെയ്റ്റിംഗ് ഫോർ ശിവ: അൺഎർത്തിംഗ് ദ ട്രൂത്ത് ഓഫ് കാശി’ എന്ന പുസ്തകം ശിവഭഗവാന്റെ വാസസ്ഥലമായ കാശിയുടെ ചരിത്രം, പുരാതനത, പവിത്രത എന്നിവയെക്കുറിച്ച് വിശദമായി പരിശോധിച്ച് എന്തുകൊണ്ട് ‘ജ്ഞാൻവാപിപള്ളി’ യുടെ ഉടമസ്ഥാവകാശം കാശി വിശ്വനാഥ ക്ഷേത്രത്തിന് പൂർണ്ണമായും കൈമാറണമെന്ന് തെളിവുകൾ നിരത്തി വാദിക്കുന്നു.
1936 ലെ ദിൻ മുഹമ്മദും മറ്റുള്ളവരും ഇന്ത്യാ ഗവൺമെന്റിനെതിരെ നൽകിയ കേസിലെ കോടതി നടപടികളിൽ നൂറ്റാണ്ടുകളായി അവിടത്തെ ക്ഷേത്രത്തിൽ ഹിന്ദു ആചാരങ്ങൾ അനുഷ്ഠിച്ചുവന്നിരുന്നതിനാൽ ഇസ്ലാമിക നിയമമനുസരിച്ച് തന്നെ പ്രസ്തുത പള്ളി നിയമവിരുദ്ധമായ ഒന്നാണെന്നു ചൂണ്ടിക്കാട്ടിയതും 1942 ലെ ഒരു അലഹബാദ് ഹൈക്കോടതി വിധിയിൽ പ്രസ്തുത സ്ഥലത്തെ ക്ഷേത്ര അവശിഷ്ടങ്ങളുടെ സാന്നിധ്യം ഹിന്ദു ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞതും ചൂണ്ടിക്കാട്ടി പള്ളിയുടെ നിർമ്മാണവും ഉപയോഗവും നിയമവിരുദ്ധമായി കണക്കാക്കപ്പെടേണ്ടതാണ് എന്ന് സമർഥിക്കുന്നു.
അവിടെ നിലവിലുണ്ടായിരുന്ന ക്ഷേത്രം ഔറംഗസേബ് തകർത്തു എന്നു തെളിയിക്കാൻ വിക്രം ചൂണ്ടിക്കാട്ടുന്ന നിരവധി തെളിവുകളിൽ ചിലത് ഇവയാണ്:
1. ദിൻ മുഹമ്മദ് കേസിന്റെ വാദം കേൾക്കുന്ന വേളയിൽ സിവിൽ ജഡ്ജിമാർ ഇ. ബി. ഹാവലിന്റെ ‘ബനാറസ്: ദി സേക്രഡ് സിറ്റി’ എന്ന 1905 ലെ പുസ്തകം പരാമർശിച്ച് നടത്തിയ, ‘വിശ്വനാഥക്ഷേത്രത്തിന് സമീപമുള്ള പള്ളിയുടെ പിൻഭാഗത്ത് വളരെ ഗംഭീരമായ ഹിന്ദു അല്ലെങ്കിൽ ജൈന ക്ഷേത്രത്തിന്റെ അവശിഷ്ടം ഉണ്ടായിരുന്നിരിക്കണം,’ എന്ന പ്രസ്താവന.
2. വാരണാസിയിലെ നൂറുകണക്കിന് ഹിന്ദു ക്ഷേത്രങ്ങൾ മുസ്ലിം ഭരണാധികാരികൾ തകർത്തതായി മുസ്ലിം വിഭാഗം തന്നെ സമ്മതിച്ചതും, അന്നത്തെ സ്‌റ്റേറ്റ് ഇൻ കൗൺസിൽ സെക്രട്ടറി ആർ. വി. വെർനെഡിന്റെ പ്രസ്താവന, ‘അവിടെ നിലകൊള്ളുന്ന വിഗ്രഹങ്ങളും ക്ഷേത്രവും ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിന് വളരെ മുമ്പുതന്നെ നിലനിന്നിരുന്നു എന്ന’ തും.
3. 1937 ലെ ഒരു കോടതി വിധിയിൽ ജഡ്ജി, ‘പള്ളി നിലകൊള്ളുന്ന ജ്ഞാൻ വാപി കോമ്പൗണ്ടിൽ ഇപ്പോഴും നിലനിൽക്കുന്ന പുരാതന കിണർ ഹിന്ദുക്കൾ ആരാധിച്ചിരുന്നതു തന്നെയാണെന്നതിൽ സംശയിക്കാൻ ഒരു കാരണവുമില്ല,’ എന്ന് പ്രസ്താവിച്ചതും.
കാശി വിശ്വനാഥ ക്ഷേത്രത്തെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള രാജ്യത്തുടനീളീ നടന്ന വൈവിധ്യമാർന്ന ശ്രമങ്ങളെ പുസ്തകം വിശദമായി ചർച്ച ചെയ്യുന്നു. ഹിന്ദുക്കളുടെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന പോരാട്ടങ്ങളുടെ ചരിത്രസാംസ്‌കാരിക ഘടകങ്ങൾ പുസ്തകം വെളിപ്പെടുത്തുന്നു.
ഇൻഡോറിലെ ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്ന ദേവി അഹല്യാ ബായി, കാശിയുടെ സമ്പന്നമായ പൈതൃകത്തിന്റെ സത്ത പുനരുജ്ജീവിപ്പിക്കാൻ ക്ഷേത്ര പുനരുദ്ധാരണത്തിനായി രാജ്യവ്യാപകമായ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ പഞ്ചാബിലെ മഹാരാജ രഞ്ജീത് സിംഗും മറ്റ് പ്രമുഖ വ്യക്തികളും അവരെ പിന്തുണച്ചിരുന്നു.
വിക്രമിന്റെ അഭിപ്രായത്തിൽ ജ്യോതിർലിംഗ ക്ഷേത്രങ്ങളുടെ ദയനീയാവസ്ഥയിൽ ഗാന്ധിജി അഗാധമായ നിരാശ പ്രകടിപ്പിക്കുകയും അവയെ പുനരുജ്ജീവിപ്പിക്കാനുള്ള ആശയത്തെ പിന്തുണക്കുകയും ചെയതപ്പോൾ, നൂറ്റാണ്ടുകളായി മുസ്ലിം ഭരണാധികാരികളുടെ കീഴിൽ നശിച്ചുപോയ ഹിന്ദു ക്ഷേത്രങ്ങളുടെ പുനരുദ്ധാരണീ അനിവാര്യമാനെന്നതായിരുന്നു സർദാർ പട്ടേലിന്റെ കാഴ്ചപ്പാട്.
‘ലാറ്റ് ഭൈറോ കലാപങ്ങൾ’ എന്നറിയപ്പെടുന്ന 180910 ലെ ഹിന്ദുമുസ്ലിം കലാപങ്ങൾ, വിശുദ്ധ കാശി ക്ഷേത്രം വീണ്ടെടുക്കുന്നതിനുള്ള ഹിന്ദുക്കളുടെ തീവ്രമായ പോരാട്ടത്തിന്റെ തെളിവായി അദ്ദേഹം രേഖപ്പെടുത്തുന്നു. രണ്ട് വർഷം നീണ്ടുനിന്ന ആ പ്രക്ഷുബ്ധതയെ ‘ബനാറസ് ഗസറ്റീർ’ വിവരിച്ചത് ‘പുരാതന ക്ഷേത്രീ നിലനിന്നിരുന്ന പരിശുദ്ധമായ സ്ഥലത്ത് ഔറംഗസേബ് നിർമ്മിച്ച പള്ളി, തർക്കത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയും നഗരത്തെ വലയം ചെയ്ത നിരവധി സംഘർഷങ്ങൾക്ക് കാരണമാവുകയും ചെയ്തു’ എന്നാണ്. ഈ കലാപങ്ങൾ ഹിന്ദുക്കളുടെ ആഴത്തിൽ വേരൂന്നിയ വികാരങ്ങൾക്കും അവരുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാനുള്ള തീവ്രമായ ആഗ്രഹത്തിനും അടിവരയിടുകയും, ഭാരതത്തിലെ മതപരമായ സംഘർഷങ്ങളുടെ ചരിത്രത്തിലെ ഒരു നിർണായക അധ്യായത്തെ അടയാളപ്പെടുത്തുകയുമായിരുന്നുവെന്ന് പുസ്തകം വ്യക്തമാക്കുന്നു.
കോടതി ഉത്തരവനുസരിച്ച് ജ്ഞാൻ വാപി പള്ളിയിൽ നടത്തിയ സമീപകാല പുരാവസ്തു ഗവേഷണങ്ങളുടെ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ വിശ്വഹിന്ദു പരിഷത്തിൻറെ (വിഎച്ച്പി) നേതൃത്വത്തിലുള്ള രാമജന്മഭൂമി പ്രസ്ഥാനത്തിന്റെയും അയോദ്ധ്യയിലെ തർക്കമന്ദിര വിവാദത്തിന്റെയും പശ്ചാത്തലത്തിൽ നടപ്പിലാക്കിയ 1991 ലെ ആരാധനാലയങ്ങളെ സംബന്ധിച്ച പ്രത്യേക നിയമീ, ജഹമരല െീള ണീൃവെശു അര േ, രാജ്യത്തെമ്പാടുമുള്ള തങ്ങളുടെ പുണ്യസ്ഥലങ്ങൾ വീണ്ടെടുക്കാനുള്ള ഹിന്ദുക്കളുടെ അവകാശത്തെ സാരമായി തടസ്സപ്പെടുത്തുന്നു എന്നു അദ്ദേഹം നിരീക്ഷിക്കുന്നു. ഈ നിയമീ അതിൻറെ സ്വഭാവത്താൽ, ചരിത്രപരമായ അനീതികൾക്ക് പരിഹാരം തേടാനും സ്വതന്ത്രമായി ആരാധിക്കാനുമുള്ള ഹിന്ദുക്കളുടെ മൗലികാവകാശങ്ങളെ നിയന്ത്രിക്കുന്നു. ഒരു നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ രാജ്യം നീതിക്കും മതസ്വാതന്ത്ര്യത്തിനും എതിരെയുള്ള ഇത്തരം തടസ്സങ്ങൾ തീർച്ചയായും നീക്കണം എന്നു അദ്ദേഹം അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. ‘ഈ നിയമം റദ്ദാക്കുന്നത് വൈവിധ്യമാർന്നതും ബഹുസ്വരതയുള്ളതുമായ ഒരു സമൂഹത്തിൽ നീതി, സമത്വം, മതപരമായ അവകാശങ്ങൾ സംരക്ഷിക്കൽ എന്നിവയ്‌ക്കുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കും,’ എനാണ് വിക്രം സമർഥിക്കുന്നത്.
ഭാരതത്തിന്റെ സാംസ്‌കാരികവും മതപരവുമായ ചരിത്രത്തിന്റെ നിർണായകമായ ഒരു കാലഘട്ടതെക്ക് വെളിച്ചം വീശുന്ന പ്രധാനപ്പെട്ട ഒരു പുസ്തകമാണ് ഇത്. കാശിയിലെ ജ്ഞാന വാപി പള്ളിയുടെ സത്യം പുസ്തകം കണ്ടെത്തുന്നു. വിക്രം സമ്പത്തിന്റെ സൂക്ഷ്മമായ ഗവേഷണവും യുക്തിപൂർണമായ വിശകലനങ്ങളും അടങ്ങിയ ഈ പുസ്തകം, കാശിയുടെ ചരിത്രത്തിലും ജ്ഞാന വാപി വിവാദത്തിലും ഭാരതത്തിലെ മതപരമായ സ്വത്വത്തിന്റെയും പൈതൃകത്തിന്റെയും വിശാലമായ പ്രശ്‌നങ്ങളിൽ താൽപ്പര്യമുള്ള ഏതൊരാളും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
വെറുമൊരു ചരിത്രവിവരണം മാത്രമല്ല, ഭാരതത്തിന്റെ വിശുദ്ധ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കായുള്ള ആഹ്വാനവുമാണ് ഈ പുസ്തകം. നൂറ്റാണ്ടുകളുടെ അധിനിവേശത്തെയും കോളനിവൽക്കരണത്തെയും സാംസ്‌കാരിക അടിച്ചമർത്തലിനെയും അതിജീവിച്ച ഒരു നാഗരികതയുടെ ശാക്തീകരണത്തിന്റെ ഓർമ്മപ്പെടുത്തലു മാണ്. കാശിയുടെയും ഗ്യാൻ വാപി പള്ളി സ്ഥിതി ചെയുന്ന സ്ഥലത്തിന്റെയും ആഴത്തിലുള്ള പ്രാധാന്യം മനസ്സിലാക്കാൻ ശ്രമിക്കുന്ന വായനക്കാർക്കായി, ‘വെയിറ്റിംഗ് ഫോർ ശിവ’ വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായ ആഖ്യാനം വാഗ്ദാനം ചെയ്യുന്നു. ചുരുക്കത്തിൽ, ഭാരതസാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും മതം, ചരിത്രം, രാഷ്‌ട്രീയം എന്നിവയുടെ സങ്കീർണ്ണമായ പരസ്പര ബന്ധത്തെക്കുറിച്ചും മനസ്സിലാക്കാനുതകുന്ന ഒരു പ്രധാന കൃതിയായ ഈ പുസ്തകം പണ്ഡിതന്മാർക്കും ചരിത്രകാരന്മാർക്കും കാശിയുടെ ആത്മീയവും സാംസ്‌കാരികവുമായ സമ്പന്നതയിൽ ആകൃഷ്ടരായ ഏതൊരാൾക്കും അറിവ് നൽകുന്ന ഒരു മഹത് ഗ്രന്ഥമാണ്.
**********
പ്രദീപ് കൃഷ്ണൻ: കോമേഴ്‌സ്, നിയമ ബിരുദവും പത്രപ്രവർത്തനത്തിലും ക്രീയേറ്റീവ് റയിറ്റിങ്ങിലും പി.ജി. ഡിപ്ലോമകളും നേടിയ അദ്ദേഹം 36 വർഷത്തോളം ഒരു കേന്ദ്ര സർക്കാർ വകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ നിരവധി പ്രശസ്ത ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ലേഖനങ്ങൾ എഴുതിവരുന്നു. രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്: Leaving Churchianity: Conversations with Ex-Christians Seeking Redemption in Sanatan Dharma, അറിവിന്റെ അഭിമുഖങ്ങൾ (Interviews of Wisdom)— 35 പ്രമുഖ വ്യക്തികളുമായുള്ള സംഭാഷണങ്ങളുടെ സമാഹാരം. മൊബൈൽ: 9349881530.
















