കൊച്ചി: മലയാളത്തിലെ പ്രമുഖ നടിക്ക് മതം മാറുന്നതിനായി 100 കോടി രൂപയുടെ വാഗ്ദാനം ലഭിച്ചുവെന്നത് തുറന്നടിച്ച് പറഞ്ഞ് സിനിമാ സംവിധായകനും വിശ്വഹിന്ദുപരിഷത്ത് നേതാവുമായ വിജി തമ്പി. .
പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടി ഇസ്‌ലാം മതം സ്വീകരിച്ചതിന് പിന്നില്‍ വന്‍തുക ഉള്‍പ്പെട്ടിരുന്നു. അന്ന് 20 കോടി രൂപ മുടക്കിയാണ് അവരെ മതം മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ‘ലവ് ജിഹാദു’മായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഈ വെളിപ്പെടുത്തലുകള്‍ വിജി തമ്പി നടത്തിയത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അടുത്തിടെ ഒരു നടിക്ക് മതം മാറുന്നതിനായി 100 കോടി രൂപയുടെ ഓഫർ വന്നുവെന്നും ഇത് തികച്ചും സത്യസന്ധമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ‘കൃത്യമായ പേരും ഇടപാടുകളും മനസിലാക്കി തന്നെയാണ് പറയുന്നത്. ആ വ്യക്തിയെ എനിക്കറിയാം, അവർക്കും എന്നെ അറിയാം. അതിനാല്‍ പേര് പുറത്തുപറയുന്നില്ല,’ വിജി തമ്പി വിശദീകരിച്ചു.
മാധവിക്കുട്ടിയെ കമല സുരയ്യ ആക്കിയത് കേരളത്തിലെ ‘ലൗ ജിഹാദി’ന്റെ തുടക്കമായിരുന്നു എന്നും വിജി തമ്പി പറഞ്ഞു. ‘ഏകദേശം 20 കോടി രൂപയോളം അക്കാലത്ത് മുടക്കിയാണ് മാധവിക്കുട്ടിയെ മാറ്റിയെടുത്തത്. അവരെപ്പോലെ ലോകമറിയപ്പെടുന്ന ഒരു സാഹിത്യകാരിയെ ഒരു ‘ഐക്കണ്‍’ ആക്കി മാറ്റാനാണ് ശ്രമിച്ചത്. മറ്റുള്ളവരെ ഇതിലേക്ക് ആകർഷിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ജീവിതത്തില്‍ തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു അതെന്ന് മരണത്തിന് മുൻപ് മാധവിക്കുട്ടി പത്രപ്രവർത്തകയായ ലീലാ മേനോനോട് പറഞ്ഞിരുന്നു. അവർ ആ തീരുമാനത്തില്‍ പിന്നീട് പശ്ചാത്തപിച്ചു,’ വിജി തമ്പി കൂട്ടിച്ചേർത്തു.
‘ലൗ ജിഹാദ്’ എന്നൊന്ന് നിലവിലുണ്ടെന്നും കോടിക്കണക്കിന് രൂപ ഇതിനായി ഒഴുകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 2047ല്‍ ഭാരതത്തെ ഒരു ഇസ്‌ലാമിക രാജ്യമാക്കി മാറ്റുമെന്ന് പറയുന്നവർ ഇവിടെയുണ്ട്. ഇതിലേക്ക് ആളുകളെ ആകർഷിക്കാനാണ് ഇത്തരം ഐക്കണുകളെ സൃഷ്ടിക്കുന്നത്. ഹിന്ദുക്കള്‍ പലപ്പോഴും തങ്ങളുടെ മതത്തില്‍ അഭിമാനം കൊള്ളാത്തതുകൊണ്ടാണ് ‘ലൗ ജിഹാദ്’ പോലെയുള്ള അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് മതസ്ഥരെപ്പോലെ ഹിന്ദുക്കള്‍ സ്വാഭിമാനമുള്ളവരായി മാറണമെന്നും തങ്ങളുടെ സംസ്കാരം അടുത്ത തലമുറയെ പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഭാരതീയ സംസ്കാരത്തിന് ചേരാത്ത വിഷയങ്ങള്‍ സിനിമകളിലൂടെ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വവർഗാനുരാഗം പ്രമേയമായ ‘കാതല്‍’ പോലെയുള്ള സിനിമകള്‍ ഭാരതീയ സംസ്കാരത്തിന് എതിരാണെന്നും ഇത്തരം പ്രമേയങ്ങള്‍ സിനിമാ രൂപത്തില്‍ എടുത്ത് പ്രചരിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















