തിരുവനന്തപുരം: വരും ദിവസങ്ങളില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരാനിരിക്കെ, സംസ്ഥാനത്തെ മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. പ്രതികൂല കാലാവസ്ഥയും ഇന്ധനവില വര്‍ദ്ധനവും മൂലം നിലവില്‍ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ട് ഉടമകള്‍ക്കും വരാനിരിക്കുന്ന നിരോധന കാലയളവ് അതിജീവനത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ജൂണ്‍ 9 മുതല്‍ ജൂലായ് 31 വരെയാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഡീസല്‍ വിലയിലുണ്ടായ വര്‍ദ്ധനവ് മൂലം ഒരു ബോട്ടിന് പ്രതിമാസം ഒരു ലക്ഷം രൂപയോളമാണ് നിലവില്‍ അധിക ചെലവ് വരുന്നത്. എന്നാല്‍ ഇതിനനുസരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാകുന്നില്ല. ഇതിനുപുറമേ, മുന്‍പ് ഫിഷറീസ് നിയമഭേദഗതി പ്രകാരം 25 മീറ്ററില്‍ കൂടുതല്‍ നീളമുള്ള ബോട്ടുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് 24,000 രൂപയായി ഉയര്‍ത്തിയത് മേഖലയ്‌ക്ക് വലിയ തിരിച്ചടിയായി. ഈ ഫീസ് ഒടുക്കുന്നതില്‍ ചെറിയ പിഴവ് വരുത്തിയാല്‍ പോലും രണ്ടര ലക്ഷം രൂപയാണ് പിഴ ഈടാക്കുന്നത്. ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയാല്‍ ബോട്ടുകള്‍ പിടിച്ചെടുത്ത് കണ്ടുകെട്ടുകയും ചെയ്യും.
ലൈസന്‍സ് ഫീസിന് പുറമേ 24,000 രൂപ വാര്‍ഷിക ക്ഷേമനിധി വിഹിതവും തൊഴിലാളികള്‍ അടയ്‌ക്കേണ്ടതുണ്ട്. മത്സ്യബന്ധന ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ ഇതര ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കടലില്‍ അപകടത്തില്‍പ്പെടുകയോ വല നശിക്കുകയോ ചെയ്താല്‍ യാതൊരുവിധ ആനുകൂല്യവും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ബോട്ടുകളുടെ പെയിന്റിംഗ്, അറ്റകുറ്റപ്പണി, പുതിയ വടം, വല തുടങ്ങിയവ വാങ്ങാന്‍ പോലും ഇത്തവണ തൊഴിലാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനുപുറമേ, അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതുമൂലം രൂക്ഷമായ തൊഴിലാളി ക്ഷാമവും ഈ മേഖല നേരിടുന്നുണ്ട്.
കണ്‍ട്രോള്‍ റൂം തുറന്നു
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ അനുകുമാരി. തീരദേശത്തെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം ഫിഷറീസ് സ്‌റ്റേഷന്‍, തിരുവനന്തപുരം ഫിഷറീസ് ജില്ലാ ഓഫീസ് എന്നിവടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 0471 2480335 (ഫിഷറീസ് ജില്ലാ ഓഫീസ്), 0471 2450773 (വിഴിഞ്ഞം ഫിഷറീസ് സ്‌റ്റേഷന്‍) എന്നീ കണ്‍ട്രോള്‍ റൂം നമ്പറുകളിലും 9496007026 ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, 9496007035ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, 9496007023ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എന്നീ മൊബൈല്‍ നമ്പറുകളിലും സേവനം ലഭ്യമാണ്.
സംയുക്ത സമിതി രൂപീകരിക്കും
സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആധാര്‍ കാര്‍ഡിന്റെ കോപ്പി നിര്‍ബന്ധമായും കൈവശം സൂക്ഷിക്കണം. ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ പോകുമ്പോള്‍ ഒരു കാരിയര്‍ വള്ളം മാത്രമേ ഒപ്പം ഉപയോഗിക്കാന്‍ പാടുള്ളൂ. കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഔദ്യോഗിക പ്രതിനിധികളും ട്രേഡ് യൂണിയന്‍ നേതാക്കളും പ്രതിനിധികളും ഉള്‍പ്പെടുന്ന സംയുക്ത സമിതി രൂപീകരിക്കും. ഈ സമിതി ആഴ്ചയിലൊരിക്കല്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. കൂടാതെ വിഴിഞ്ഞം, മുതലപ്പൊഴി മേഖലകളിലെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി അഞ്ചോ ആറോ അംഗങ്ങള്‍ മാത്രമുള്ള ചെറിയ പ്രത്യേക സമിതികളും രൂപീകരിക്കും. ഇത്തരം സംയുക്ത നീക്കങ്ങളിലൂടെ തീരദേശത്തെ ആശങ്കകള്‍ പരിഹരിക്കാനും കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും.















