കുമരകം: വേമ്പനാട്ടു കായലിന്റെ അടിത്തട്ടില്‍ കായല്‍പ്പൂൂവ് എന്ന ജലസസ്യം ക്രമാതീതമായി വളര്‍ന്നു പെരുകുന്നത് കൊഞ്ചുപിടിത്തം പ്രയാസകരമാക്കുന്നു. കായലില്‍ ഉപ്പുരസം കുറഞ്ഞതിനാല്‍ അടിത്തട്ടില്‍ കായല്‍പ്പൂവും ഉപരിതലത്തില്‍ പായലും പോളയും നിറഞ്ഞു. ഇത് മത്സ്യത്തൊഴിലാളികളെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ വള്ളത്തില്‍ നിന്ന് വലയെറിഞ്ഞ് കൊഞ്ചിനെ പിടിക്കാന്‍ കഴിയുമായിരുന്നു. ഇപ്പോളാകട്ടെ കായലിന്റെ അടിത്തട്ടു നിറഞ്ഞു വളര്‍ന്ന ‘ജലസസ്യക്കാട്ടി’ല്‍ കൊഞ്ച് ഒളിക്കുന്നതിനാല്‍ വലയില്‍ കുടുങ്ങുന്നില്ല. അതിനാല്‍ വലയെറിഞ്ഞശേഷം മത്സ്യത്തൊഴിലാളിക്ക് വെള്ളത്തില്‍ചാടി മുങ്ങിച്ചെന്ന്, ഒളിച്ചിരിക്കുന്ന കൊഞ്ചിനെ പിടികൂടേണ്ടണ്ടണ്ടിവരുന്നു. ജലോപരിതലത്തില്‍ പോളയും പായലും നിറഞ്ഞതും വലയെറിയാന്‍ തടസ്സമുണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ ഏറെ ക്ലേശകരമായാണ് ഇപ്പോള്‍ കൊഞ്ചുപ ിടിത്തമെന്ന്മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
താമരക്കാലനും പെട്ടക്കാലനും താരങ്ങള്‍
‘താമരക്കാലാ മണിമുത്തേ നീയില്ലാതെ മടങ്ങില്ല’. വേമ്പനാട്ടുകായലിലെ ഓളപ്പരപ്പില്‍ ചെറുവള്ളങ്ങളില്‍ തുഴഞ്ഞെത്തി വലയെറിയുന്ന മത്സ്യത്തൊഴിലാളികള്‍ മൂളുന്ന ഈരടികളാണിവ. ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് കുട്ടനാട്ടിലെ ജലാശയങ്ങളില്‍ കൊഞ്ചിന്റെ ലഭ്യത കൂടുതല്‍. രണ്ടിനം കൊഞ്ചുകളാണ് കായലില്‍ നിന്നും ലഭിക്കുക. താമരക്കാലനും പെട്ടക്കാലനുമാണവ. പെട്ടക്കാലന്‍ കൊഞ്ചിനാണ് വലുപ്പം കൂടുതല്‍. അവയുടെ കാലുകള്‍ക്ക് ശരീരത്തേക്കാള്‍ മൂന്നിരട്ടി നീളമുണ്ട്. ഇവക്ക് 300 മുതല്‍ 500 ഗ്രാം വരെ തൂക്കം വെക്കും. ശരീരത്തിന്റേയും കാലുകളുടേയും വലുപ്പക്കുറവാണ് താമരക്കാലനെ വ്യത്യസ്ഥമാക്കുന്നത്. ഇവക്ക് 200 മുതല്‍ 350 ഗ്രാം വരെയെ തൂക്കം ഉണ്ടാകു. കയറ്റുമതി മേഖലയിലെ പ്രിയമാണ് കൊഞ്ചിന്റെ പ്രത്യേകത. ഇപ്പോള്‍ കിലോക്ക് 1000 രുപാ വരെയാണ് വില. ഒരു മത്സ്യത്തൊഴിലാളിക്ക് ശരാശരി നാലു കിലോ വരെ കൊഞ്ച് ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
കൊഞ്ചിനെ കുടുക്കാന്‍ വീശുവലയും ഒറ്റാലും
ഒറ്റാലും വീശുവലയും ഉപയോഗിച്ചാണ് കൊഞ്ചിനെ പിടിക്കുന്നത്. രാത്രിയില്‍ ജലാശയത്തിന്റെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്ന കൊഞ്ചുകളെ തീറ്റയിട്ടാണ് കണ്ടെത്തി പിടിക്കുക. തേങ്ങയും പച്ചക്കപ്പയുമാണ് ഇവയുടെ ഇഷ്ട ഭക്ഷണം. ജലാശയത്തിന്റെ അടിത്തട്ടില്‍ എത്തുന്ന വിധം തീറ്റ നൂലില്‍ കെട്ടി ഇടും. നൂലിന്റെ മറുതുമ്പ് ജലോപരിതലത്തില്‍ കിടക്കുന്ന പൊങ്ങില്‍ കെട്ടിയിരിക്കും. ഇങ്ങനെ ധാരാളം ഇടങ്ങളില്‍ തീറ്റ ഇടും. ഏതാനും സമയം കഴിഞ്ഞ് ചെറുവള്ളത്തില്‍ ശബ്ദം ഉണ്ടാക്കാതെ നിരീക്ഷിക്കും. പൊങ്ങിന്റെ ചലനമാണ് നിരീക്ഷിക്കുക. കൊഞ്ച് തീറ്റ തിന്നാന്‍ തുടങ്ങിയാല്‍ പൊങ്ങ് ജലാശയത്തില്‍ പൊങ്ങിത്താഴ്ന്നു കൊണ്ടിരിക്കും. വള്ളത്തില്‍ കരുതിയിരിക്കുന്ന വീശുവല തീറ്റയും കൊഞ്ചും ലക്ഷ്യമാക്കി കറക്കിയെറിയും. വലയില്‍ കൊഞ്ചു കുടുങ്ങിയതു തന്നെ. ആഴം കുറഞ്ഞ ജലാശയങ്ങളില്‍ ഒറ്റാല്‍ ഉപയോഗിച്ചാണ് കൊഞ്ചുപിടിത്തം. ഈ രീതി ഇപ്പോള്‍ വളരെ കുറവാണ്.
വര്‍ഗീസ് സക്കറിയ















