Kerala

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങിയതിലുള്ള വൈരാഗ്യത്തില്‍ യുവതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി വിഴിഞ്ഞം പൊലീസിന്റെ പിടിയില്‍. വെങ്ങാനൂര്‍, നെല്ലിവിള, സുബിന്‍ ഭവനില്‍ സുബിന്‍ (39) ആണ് പിടിയിലായത്.

വെങ്ങാനൂര്‍ സ്വദേശിനി യുവതിയുമായി ഇയാള്‍ നേരത്തേ പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതി ഈ ബന്ധത്തില്‍ നിന്നും പിന്‍വാങ്ങി.പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് ഇയാള്‍ അപകീര്‍ത്തികരമായ സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു നല്‍കി. ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതിയുടെ മാനസിക പീഡനം മൂലം കടുത്ത വിഷമത്തിലായ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതിയെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെയും ബന്ധുക്കളുടെയും പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത വിഴിഞ്ഞം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Recent Posts