Sports

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ആവേശം അവസാന സെക്കന്‍ഡ് വരെ നീണ്ടുനിന്ന കടുത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള (ബിഎല്‍കെ) സീസണ്‍ 1-ന്റെ രണ്ടാം ദിനത്തില്‍ കൊച്ചി സ്റ്റാലിയന്‍സ് (അണ്ടര്‍14) ബോയ്‌സ് ടീമും കാലിക്കറ്റ് വാരിയേഴ്‌സ് ഗേള്‍സ് ടീമും തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്നു.

സെമിഫൈനലിസ്റ്റുകളെ നിശ്ചയിക്കാനായി ആറ് ടീമുകള്‍ പങ്കെടുക്കുന്ന റൗണ്ട് റോബിന്‍ മത്സരങ്ങള്‍ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എബിസി ബാസ്‌കറ്റ്‌ബോള്‍ ഡെവലപ്‌മെന്റ് ലീഗ് എന്നിവര്‍ കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ (കെബിഎ) സഹകരണത്തോടെ സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ തന്നെ കടുത്ത ആവേശമാണ് കോര്‍ട്ടില്‍ നിറഞ്ഞത്. അണ്ടര്‍-19 ഗേള്‍സ് വിഭാഗത്തില്‍ അവസാന നിമിഷം വരെ പൊരുതിയ ആലപ്പുഴ ഡോള്‍ഫിന്‍സിനെ വെറും രണ്ട് പോയിന്റുകളുടെ വ്യത്യാസത്തില്‍ കീഴ്‌പ്പെടുത്തി കാലിക്കറ്റ് വാരിയേഴ്‌സ് (56-54) വിജയം സ്വന്തമാക്കി. അണ്ടര്‍-14 ബോയ്‌സ് വിഭാഗത്തിലും നാടകീയമായ നിമിഷങ്ങള്‍ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കോട്ടയം ബൈസണ്‍സിനെതിരെ 47-45 എന്ന നേരിയ സ്‌കോറിനാണ് കാലിക്കറ്റ് വാരിയേഴ്‌സ് ജയം പിടിച്ചെടുത്തത്. ഇതേ വിഭാഗത്തിലെ മറ്റൊരു മത്സരത്തില്‍ തൃശൂര്‍ ടസ്‌കേഴ്‌സിനെ 41-37 ന് തോല്‍പ്പിച്ച് കൊച്ചി സ്റ്റാലിയന്‍സ് തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കി. അണ്ടര്‍-14 ഗേള്‍സ് വിഭാഗത്തില്‍ തിരുവനന്തപുരം കാപ്പിറ്റല്‍സിനെ 51-38 ന് തകര്‍ത്ത് കാലിക്കറ്റ് വാരിയേഴ്‌സ് മേധാവിത്വം പുലര്‍ത്തിയപ്പോള്‍ അണ്ടര്‍-19 ബോയ്‌സ് വിഭാഗത്തില്‍ കോട്ടയം ബൈസണ്‍സ് 62-55 ന് ആലപ്പുഴ ഡോള്‍ഫിന്‍സിനെ പരാജയപ്പെടുത്തി. അണ്ടര്‍-14 ഗേള്‍സ് മത്സരത്തില്‍ കോട്ടയം ബൈസണ്‍സിനെ 60-34 എന്ന വ്യക്തമായ മാര്‍ജിനില്‍ തൃശൂര്‍ ടസ്‌കേഴ്‌സ് പരാജയപ്പെടുത്തി.