കൊച്ചി : മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്.നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് കേസിലെ പ്രതികള്‍. 1000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നല്കാമെന്നു പറഞ്ഞ് പ്രതികള്‍ ഏഴു കോടി രൂപ കൈപ്പറ്റി.എന്നാല്‍ ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ വഞ്ചിച്ചു എന്നാണ് അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് പരാതി നല്‍കിയത്.
എഫ് ഐ ആര്‍ റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. മരട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക സംഘമാണ് അന്വേഷിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ആയിരുന്നുവെന്നാണ് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
















