
മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)
കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ മരുമകനും തൃണമൂലിലെ രണ്ടാമനുമായ അഭിഷേക് ബാനര്‍ജിയുടെ 43 ബിനാമി സ്വത്തുക്കളുടെ വിവരം പുറത്തുവിട്ട് ബിജെപി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഈ സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ടതായാണ് വിവരം.
അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത മുനിസിപ്പല്‍ കോർപ്പറേഷൻ (കെഎംസി) അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട 17 സ്വത്തുക്കള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. അതിന് പിന്നാലെയാണ് 43 ബിനാമി സ്വത്തുക്കളുടെ വിവരങ്ങള്‍ ബിജെപി പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും മമതയ്‌ക്കും മരുമകനും വലിയ ആഘാതമായിരിക്കുകയാണ് ഈ സംഭവം.
കൊല്‍ക്കത്തയിലെ ആഡംബര മേഖലകളില്‍ മാത്രം 43 രഹസ്യ സ്വത്തുക്കളുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. സ്വത്തുക്കളുടെ വിശദമായ പട്ടിക ബംഗാള്‍ ബിജെപി ഘടകം പുറത്തുവിട്ടിരിക്കുകയാണ്. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തനിക്ക് 2.3 കോടി രൂപയുടെ ആസ്തിയും 1.4 കോടി രൂപയുടെ വാർഷിക വരുമാനവും 36 ലക്ഷം രൂപയുടെ ബാധ്യതയുമേ ഉള്ളൂവെന്നാണ് അഭിഷേക് ബാനർജി വ്യക്തമാക്കിയിരുന്നത്. ഈ കണക്കുകളെ അട്ടിമറിക്കുന്നതാണ് ഇപ്പോള്‍ ബിജെപി പുറത്തുവിട്ട പട്ടികയിലെ വിവരം. ഇത് ഭാവിയില്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് വലിയ കുരുക്കാകാന്‍ സാധ്യതയുണ്ട്. ആദായനികുതിവകുപ്പ് വരെ രംഗത്ത് വന്നേയ്‌ക്കാം.
സയോനി ഘോഷും കുടുങ്ങുമോ?
എന്നാല്‍ ബിജെപി പുറത്തുവിട്ട പട്ടിക പൂർണ്ണമായും വ്യാജമാണെന്നും രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം. പുറത്തുവന്ന പട്ടികയില്‍ തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷയും ജാദവ്പൂർ എംപിയുമായ സായോനി ഘോഷിന്റെ പേരുമായി സാമ്യമുള്ള ‘സയാനി ഘോഷ്’ എന്ന വ്യക്തിയുമായി ചേർന്ന് അഭിഷേക് ബാനർജി സംയുക്തമായി ഉടമസ്ഥത പുലർത്തുന്ന ഒരു സ്വത്തും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്തയിലെ സെവൻ ടാങ്ക്സ് ലെയിനിലുള്ള 19ഡി എന്ന വിലാസത്തിലാണ് ഈ കെട്ടിടമുള്‍പ്പെട്ട ഭൂമി.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ ശക്തമായ ഭാഷയില്‍ നിഷേധിച്ച് ജാദവ്പൂർ എംപി സയോനി ഘോഷ് രംഗത്തെത്തി. ആ രേഖകളില്‍ പറയുന്ന സയാനി ഘോഷ് താനല്ലെന്നും രാഷ്‌ട്രീയത്തില്‍ നിന്ന് യാതൊരുവിധ അവിഹിത ലാഭവും ഉണ്ടാക്കാത്ത ഒരു സാധാരണ പശ്ചാത്തലത്തില്‍ നിന്നാണ് താൻ വരുന്നതെന്നും സാവോനി എക്സില്‍ കുറിച്ചു.
ബിജെപി പുറത്തുവിട്ട പട്ടികയില്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോർപ്പറേഷന്റെ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോർപ്പറേഷന്‍ ഇപ്പോഴും തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലാണ്. പാർട്ടി എംഎല്‍എയായ ഫിർഹാദ് ഹക്കീം ആണ് കൊല്‍ക്കത്ത മേയർ. ഈ സാഹചര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ ചോർത്തി പാർട്ടി നേതാക്കളെ വേട്ടയാടാൻ ബിജെപി ശ്രമിക്കുകയാണെന്നാണ് ടിഎംസിയുടെ ആക്ഷേപം.