ഇസ്ലാമാബാദ് ; ലാഹോറിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി പ്രദേശങ്ങൾക്ക് ചരിത്രപരമായ പേരുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി പാകിസ്ഥാൻ പഞ്ചാബ് സർക്കാർ . പതിറ്റാണ്ടുകളായി, ലാഹോറിലെ പല തെരുവുകളും ചൗക്കുകളും പാകിസ്ഥാന്റെ വിഭജനാനന്തര ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട പേരുകളിലാണ് അറിയപ്പെടുന്നത്.
ഹിന്ദു, സിഖ്, ബ്രിട്ടീഷ് വ്യക്തികളുടെ പേരുകൾ നൽകിയിരുന്ന നിരവധി ചരിത്ര റോഡുകളും തെരുവുകളും വിഭജനത്തെത്തുടർന്ന് ഇസ്ലാമിക പ്രാദേശിക വ്യക്തികളെ ബഹുമാനിക്കുന്നതിനായി പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു . പഞ്ചാബിലെ മറിയം നവാസ് നയിക്കുന്ന സർക്കാരാണ് ലാഹോറിലെ നിരവധി റോഡുകളുടെയും തെരുവുകളുടെയും സ്വാതന്ത്ര്യത്തിനു മുമ്പുള്ള പേരുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത് . നഗരത്തിന്റെ വിഭജനത്തിനു മുമ്പുള്ള പൈതൃകം പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
ഇസ്ലാംപുരയെ കൃഷ്ണ നഗർ എന്ന് പുനർനാമകരണം ചെയ്തു. ബാബരി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്ക് എന്നും , സുന്നത്ത് നഗറിനെ സന്ത് നഗർ എന്നും പുനർനാമകരണം ചെയ്തു; മൗലാന സഫർ അലി ഖാൻ ചൗക്ക് ലക്ഷ്മി ചൗക്കായി മാറി. മുസ്തഫാബാദ് ഇപ്പോൾ ഔദ്യോഗികമായി ധരംപുരയാണ്, സർ ആഘ ഖാൻ ചൗക്കിനെ ഡേവിസ് റോഡ് എന്ന് പുനർനാമകരണം ചെയ്തു. അല്ലാമ ഇഖ്ബാൽ റോഡിനെ വീണ്ടും ജയിൽ റോഡ് എന്ന് നാമകരണം ചെയ്തു . ഫാത്തിമ ജിന്ന റോഡ് വീണ്ടും ക്വീൻസ് റോഡ് എന്നും ബാഗ്-ഇ-ജിന്നയെ ലോറൻസ് ഗാർഡൻ എന്നും പുനർനാമകരണം ചെയ്തു.
മാത്രമല്ല മിന്റോ പാർക്കിൽ (ഗ്രേറ്റർ ഇഖ്ബാൽ പാർക്ക്) മൂന്ന് ക്രിക്കറ്റ് മൈതാനങ്ങളും പരമ്പരാഗത അഖാരയും (ഗുസ്തി അരീന)പുനഃസ്ഥാപിക്കാൻ നിർദ്ദേശമുണ്ട്. ലാഹോർ അതോറിറ്റി ഫോർ ഹെറിറ്റേജ് റിവൈവൽ (LAHR) എന്നറിയപ്പെടുന്ന സമഗ്രമായ നഗര സംരക്ഷണ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ പുനർനാമകരണ നീക്കം. പദ്ധതിക്ക് ഏകദേശം 50 ബില്യൺ പാകിസ്ഥാൻ രൂപ ചിലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. 2025-ൽ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസാണ് ഇത് ആരംഭിച്ചത്.
















