Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

എരുമേലി: എരുമേലിയുടെ ദീര്‍ഘകാല വികസന സ്വപ്നങ്ങളായ ശബരി റെയില്‍ പാതയും ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയും ഇനി പുതിയ സര്‍ക്കാരിന്റെ തീരുമാനങ്ങളെയും ഇടപെടലുകളെയും ആശ്രയിച്ച്. പദ്ധതികള്‍ എത്ര വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുമെന്നതനുസരിച്ചായിരിക്കും ഇവയുടെ ഭാവി നിര്‍ണയിക്കപ്പെടുക എന്നതാണ് പ്രദേശവാസികളുടെ വിലയിരുത്തല്‍.

മുഖ്യമന്ത്രിയും മന്ത്രിമാരുമായി പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ എരുമേലിയുടെ പ്രധാന പ്രതീക്ഷ ഈ രണ്ട് പദ്ധതികളോടാണ്. ശബരിമല വിമാനത്താവള പദ്ധതിയുടെയും അങ്കമാലി-എരുമേലി ശബരി റെയില്‍പാതയുടെയും തുടര്‍നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ അടിയന്തര തീരുമാനങ്ങള്‍ എടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്.

എരുമേലിയുടെ വികസന സ്വപ്നങ്ങളായ ഈ രണ്ട് പദ്ധതികള്‍ക്കും ഗതിവേഗം നല്‍കാന്‍ പുതിയ സര്‍ക്കാര്‍ കൃത്യമായ ഇടപെടല്‍ നടത്തുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ എം.ജെ. സെബാസ്റ്റ്യന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം എരുമേലിയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുന്നതിനിടെയും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.കാഞ്ഞിരപ്പള്ളി എംഎല്‍എ പ്രൊഫ. റോണി കെ. ബേബിയും എരുമേലിയുടെ വികസന പദ്ധതികള്‍ക്ക് മുന്‍ഗണന ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയുടെ നിര്‍മാണം 2026 ഓഗസ്റ്റില്‍ ആരംഭിച്ച് 2029ഓടെ പൂര്‍ത്തിയാക്കുമെന്നായിരുന്നു മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പദ്ധതി ഇപ്പോള്‍ വിവിധ നിയമനടപടികളിലൂടെ കടന്നുപോകുകയാണ്. പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഉള്‍പ്പെടെ 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു.

ഭൂമി ഏറ്റെടുക്കലിന്റെ ആവശ്യകതയില്‍ വ്യക്തതയില്ലെന്നും നടപടിക്രമങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി ഭൂമിയേറ്റെടുക്കല്‍ നടപടികളില്‍ യഥാസ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

കേസില്‍ അന്തിമ വിധി വരുന്നതുവരെ നടപടികള്‍ക്ക് വലിയ പുരോഗതി ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിലും സര്‍ക്കാരിന് തിരിച്ചടിയുണ്ടായിരുന്നു. എസ്റ്റേറ്റ് ഉടമകളായ അയന ചാരിറ്റ ബിള്‍ ട്രസ്റ്റിന് അനുകൂലമായിരുന്നു പാലാ സബ് കോടതിയുടെ വിധി.

എന്നാല്‍ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവച്ച് പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെ നീക്കം.പദ്ധതിയില്‍ 3,500 മീറ്റര്‍ നീളമുള്ള റണ്‍വേയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും നീളം കൂടിയ റണ്‍വേകളില്‍ ഒന്നായിരിക്കും ഇത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും പ്രതിരോധ മന്ത്രാലയത്തിലും നിന്ന് പദ്ധതിക്ക് നേരത്തെ തന്നെ തത്വത്തിലുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

അതേസമയം, അങ്കമാലി-എരുമേലി ശബരി റെയില്‍ പാത പദ്ധതിയിലും മുന്‍ സര്‍ക്കാര്‍ ചില നിര്‍ണായക നടപടികള്‍ ആരംഭിച്ചിരുന്നു. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാനും ഇതിനായി കിഫ്ബി വഴി 1,900 കോടി രൂപ അനുവദിക്കാനുമുള്ള മന്ത്രിസഭാ തീരുമാനം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു.

പാത എരുമേലിയില്‍ നിന്ന് പുനലൂര്‍ വഴി ബാലരാമപുരത്തേക്ക് നീട്ടുന്നതിനുള്ള സര്‍വേയ്‌ക്കായി രണ്ട് കോടി രൂപയും അനുവദിച്ചിരുന്നു. ഇനി ഈ പദ്ധതികള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ ഗതിവേഗം നല്‍കേണ്ട ഉത്തരവാദിത്വം പുതിയ സര്‍ക്കാരിനാണ്.

Recent Posts