
കൊല്ലം: വജൈനല്‍ സര്‍ജറി ചെയ്യുന്ന ഗൈനക്കോളജി ചികിത്സാ വിദഗ്ധരുടെ സംഘടനയായ സൊസൈറ്റി ഓഫ് വജൈനല്‍ സര്‍ജന്‍സ് ഓഫ് ഇന്ത്യ (സോവ്സി) ഒന്നാം സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കൊല്ലത്ത് നടക്കും. സോവ്സി കൊല്ലം ചാപ്റ്ററാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ക്വയ്ലോണ്‍ ബീച്ച് ഹോട്ടലില്‍ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തില്‍ 500 ഡോക്ടര്‍മാര്‍ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി 150 പിജി വിദ്യാര്‍ത്ഥികളും സമ്മേളനത്തിനെത്തും.
ഗൈനക്കോളജിയുമായി ബന്ധപ്പെട്ട നൂതന ചികിത്സകള്‍ പരിചയപ്പെടുത്താന്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ശില്‍പശാല സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 6.30ന് സമ്മേളനം സോവ്സി ദേശീയ പ്രസിഡന്റ് ഡോ. വി.പി. പൈലിയും ദേശീയ ജനറല്‍ സെക്രട്ടറി ഡോ. എച്ച്.പി. പട്നായിക്കും ദേശീയ ജനറല്‍ കണ്‍വീനര്‍ ഡോ. പി.സി. മഹാപത്രയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. സോവ്സി സംസ്ഥാന പ്രസിഡന്റ് ഡോ. റീന എന്‍.ആര്‍. അധ്യക്ഷത വഹിക്കും.
സംസ്ഥാന സെക്രട്ടറി ഡോ. ദീപ്തി എം., ജനറല്‍ കണ്‍വീനര്‍ ഡോ. വേണുഗോപാല്‍ എം., സംഘാടക സമിതി സെക്രട്ടറി ഡോ. മിനുപ്രിയ എസ്., ദേശീയ ജോയിന്റ് സെക്രട്ടറി എലിസബത്ത് ജേക്കബ്, സയന്റിഫിക് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. സംഗീത മേനോന്‍, ഡോ. കവിത വാസുദേവന്‍ എന്നിവര്‍ പ്രസംഗിക്കും. ഇന്ന് രാത്രി 8ന് സോവ്സി സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കും. സംഘടനാ കാര്യങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ചകളും അവലോകനങ്ങളും യോഗത്തില്‍ ഉണ്ടാവും.
നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 3.40 വരെ വിദഗ്ധര്‍ നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഗൈനക്കോളജിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടക്കും.
പിജി വിദ്യാര്‍ത്ഥികള്‍ ഗൈനക്കോളജിയുമായി ബന്ധപ്പെട്ട പ്രബന്ധങ്ങളും വീഡിയോകളും പോസ്റ്ററുകളും അവതരിപ്പിക്കും. നാളെ വൈകിട്ട് 3.50ന് സമാപന സമ്മേളനം. വിവിധ കലാപരിപാടികളും നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 25 സ്റ്റാളുകളും ഒരുക്കും.