കാലിഫോര്‍ണിയ: ചൈനീസ് സര്‍ക്കാരിന്റെ രഹസ്യ ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് സതേണ്‍ കാലിഫോര്‍ണിയയിലെ അര്‍ക്കേഡിയ നഗരത്തിന്റെ മേയര്‍ ഐലീന്‍ വാങ് രാജിവച്ചു. യുഎസ് സര്‍ക്കാരിനെ അറിയിക്കാതെ വിദേശ രാജ്യത്തിന് വേണ്ടി ചാരവൃത്തിയിലേര്‍പ്പെട്ടു എന്ന കുറ്റം ഇവര്‍ കോടതിയില്‍ സമ്മതിച്ചു. 2020 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് ഐലീന്‍ ചൈനയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ചൈനീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ചൈനയ്‌ക്ക് അനുകൂലമായ വാര്‍ത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കാന്‍ ഇവര്‍ യുഎസ് ന്യൂസ് സെന്റര്‍ എന്ന വെബ്‌സൈറ്റ് ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന ആരോപണം. 2022 നവംബറില്‍ അര്‍ക്കേഡിയ മേയറായി ചുമതലയേറ്റ ഇവര്‍ക്ക് ഇതിനായി വിദേശ സഹായം ലഭിച്ചിരുന്നുവെന്നും കണ്ടെത്തി. വാങ്ങിന്റെ വളര്‍ച്ചയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുന്‍ പ്രതിശ്രുത വരന്‍ യാവോനിങ് മൈക്ക്‌സണ്‍ നിലവില്‍ ഇതേ കുറ്റത്തിന് നാല് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്.











