ന്യൂദല്‍ഹി: ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജയന്തിയുടെ ഭാഗമായി ജന്‍ജാതി സുരക്ഷാ മഞ്ച് സംഘടിപ്പിക്കുന്ന ഗോത്ര സാംസ്‌കാരിക സംഗമത്തിന് ന്യൂദല്‍ഹി വേദിയാവുന്നു. രാജ്യത്തുടനീളമുള്ള അഞ്ഞൂറിലധികം ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം ഒന്നരലക്ഷത്തോളം പേര്‍ 24ന് ചെങ്കോട്ട മൈതാനത്ത് നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കും. നിങ്ങളും ഞാനും ഒരു രക്തമാണ്, വനവാസികള്‍, ഗ്രാമവാസികള്‍, നഗരവാസികള്‍, നാമെല്ലാവരും ഭാരതീയരാണ് എന്ന സന്ദേശമുയര്‍ത്തിയാണ് സംഗമം.
സംഗമത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയാണ് പ്രധാന ആകര്‍ഷണം. വിവിധ ഗോത്ര വിഭാഗങ്ങളെ പ്രതിനിധീകരിച്ച് എത്തുന്നവര്‍ പരമ്പരാഗത വേഷവിധാനങ്ങളോടെ ഘോഷയാത്രയില്‍ പങ്കെടുക്കും. ഗോത്രവിഭാഗങ്ങളുടെ പാരമ്പര്യം, സാംസ്‌കാരിക വൈവിധ്യം എന്നിവ ചിത്രീകരിക്കുന്ന ഘോഷയാത്ര അഞ്ച് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച് ചെങ്കോട്ട മൈതാനത്ത് സംഗമിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യാതിഥിയാകുമെന്നും ജന്‍ജാതി സുരക്ഷാ മഞ്ച് ദേശീയ സഹസംയോജക് ഡോ. രാജ്കിഷോര്‍ ഹന്‍സ്ദാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രകാശ് ഉയ്‌കെ, അശോക് കുമാര്‍ ഗോണ്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












