തിരുവനന്തപുരം: കൈക്കൂലി വാങ്ങവെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. നെയ്യാറ്റിന്‍കര, കാരോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ദീപ് ആണ് പിടിയിലായത്. ലൈഫ് പദ്ധതിയില്‍പെട്ട വീട് നിര്‍മ്മാണത്തിന്റെ അപേക്ഷയ്‌ക്കായി 2,500 രൂപ കൈകൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
ലൈഫ് പദ്ധതിയില്‍പെട്ട വീട് നിര്‍മ്മാണത്തിന്റെ മൂന്നാം ഗഡുവിന് അപേക്ഷ നല്‍കിയപ്പോള്‍ ആണ് 2500 രൂപ കൈകൂലി ചോദിച്ചത്. ഒന്നാംഘട്ടം രണ്ടാംഘട്ടവും നല്‍കിയപ്പോഴും കൈക്കൂലി വാങ്ങി. ഗുണഭോക്താവ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടില്‍ വിവരമറിയിച്ചതോടെയാണ് ഇയാളെ കുടുക്കിയത്.
തുടര്‍ന്ന് ഡിവൈഎസ്പി ദിലീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരാതിക്കാരന് ഫിനോതലിന്‍ പുരട്ടിയ 2500 രൂപ കൈമാറി. ഈ പണവുമായാണ് സന്ദീപിനെ പിടികൂടിയത്. 2016-17 കാലയളവുകളില്‍ കൊല്ലത്തു നിന്നും സമാന കേസില്‍ ഇയാളെ വിജിലന്‍സ് പിടികൂടിയിരുന്നു.
















