തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മെയ് രണ്ട് വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
അതേസമയം വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.















