നുണക്കുഴിക്കവിളത്തു കൈവിരലോടി-
ച്ചെഴുതാം ഞാന്‍ പുതിയൊരു പ്രണയകാവ്യം
ചാറ്റല്‍ മഴയുടെ മൃദുലസംഗീതത്തില്‍
കുളിരണിഞ്ഞൊഴുകുമാ പ്രണയഗീതം
കളകളം പാടുന്ന പുഴയിലെ പരലുകള്‍
ചുണ്ടോടുചുണ്ടിലായ് പ്രണയം പകരുമ്പോള്‍
തഴുകുന്ന തെന്നലിന്‍ ഹൃദയതാളത്തിലീ
പ്രണയകാവ്യത്തിന്റെ ശീലുമൂളാം
മലരില്‍നിന്നൂറുമാ മധുനുകര്‍ന്നുള്ളോരാ
മധുപങ്ങള്‍ പാടുന്നു മധുരഗാനം
ആഗാനലഹരിയിലാടിത്തുടിക്കുന്നു
മലര്‍വാടി ലാളിക്കും സൗന്ദര്യസൂനങ്ങള്‍
വെണ്‍മേഘശകലങ്ങള്‍ക്കിടയിലൂടന്നൊരു
പനിമതി മെല്ലെയോളിഞ്ഞുനോക്കി
താഴെയാപൊയ്‌കയില്‍ പൂവിട്ടൊരാമ്പലിന്‍
കവിളത്തൊരു പ്രണയമുദ്രചാര്‍ത്തി
ചാരത്തുറങ്ങുമാ പങ്കജമിഴികളില്‍
നിറമുള്ള സ്വപ്‌നം തുടിച്ചുനിന്നു
അന്തിക്കു പിരിയുമ്പോളാദിത്യനേകിയ
പ്രണയം സ്വപ്‌നത്തില്‍ പൂത്തുനിന്നു
ആഭേരിരാഗത്തില്‍ മൂളുന്ന കാവ്യത്തില്‍
പ്രകൃതിയും പുരുഷനുമൊന്നുചേരും
അര്‍ദ്ധനാരീശ്വര സങ്കല്പമെന്നെന്നും
പ്രണയത്തിനമരത്വമേകുമല്ലോ.
















