ലഖ്‌നൗ: ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ ജില്ലയിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ രണ്ട് ദിവസത്തെ വ്യോമസേനയുടെ അഭ്യാസപ്രകടനങ്ങള്‍ക്ക് തുടക്കം. വ്യോമസേനയുടെ നേതൃത്വത്തിലുള്ള അഭ്യാസ പ്രകടനങ്ങള്‍ ഇന്നലെ ആരംഭിച്ചു. സുഖോയ് എസ്‌യു- 30എംകെഐ, എസ്ഇപിഇസിഎടി ജാഗ്വാര്‍, എയര്‍ബസ് സി-295 എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര വിമാനങ്ങള്‍ ടേക്ക്ഓഫും ലാന്‍ഡിങ്ങും നടത്തി.
യുദ്ധവിമാനങ്ങളെ അടുത്ത് കാണാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനൊപ്പം എക്‌സപ്രസ് വേകള്‍ ഉപയോഗിച്ച് ഭാരതത്തെ വ്യോമാക്രമണങ്ങളില്‍ സംരക്ഷിക്കാനുള്ള ഭാരതത്തിന്റെ തന്ത്രത്തെയും ഈ വ്യോമ പ്രദര്‍ശനം എടുത്തുകാണിക്കുന്നു.
മുന്‍കരുതല്‍ നടപടിയായി എക്‌സ്പ്രസ് വേയുടെ 12 കിലോമീറ്റര്‍ ഭാഗത്തെ ഗതാഗതം മെയ് 1 വരെ വഴിതിരിച്ചുവിട്ടിട്ടുണ്ടെന്നും പ്രദര്‍ശനം അവസാനിച്ച ശേഷം മെയ് 2 മുതല്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.











