ന്യൂദല്‍ഹി: തോമസ് ആന്‍ഡ് ഊബര്‍ കപ്പ് ബാഡ്മിന്റണില്‍ വനിതകള്‍ക്കായുള്ള ഊബര്‍ കപ്പിനുള്ള ഭാരത ടീമിലെ വനിതാ ഡബിള്‍സ് സഖ്യം ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം പിന്‍മാറി. പരിക്ക് കാരണം കളിക്കാതിരിക്കുന്ന ഇവര്‍ക്ക് പകരം ശ്രുതി മിശ്ര-പ്രിയ കൊഞ്ചെഭ്ബം സഖ്യത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബിഎഐ) ഇന്നലെ അറിയിച്ചു.
വരുന്ന 24 മുതല്‍ മെയ് മൂന്ന് വരെ ഡെന്‍മാര്‍ക്കില്‍ നടക്കുന്ന മത്സരത്തിന് മുമ്പേ നടക്കുന്ന ബാഡ്മിന്റണ്‍ ഏഷ്യാ ചാമ്പ്യന്‍ഷിപ്പിനായി വരും ദിവസങ്ങളില്‍ പുറപ്പെടാനിരിക്കെയാണ് മാറ്റം. ഭാരതത്തിലെ മികച്ച വനിതാ ഡബിള്‍സ് സഖ്യമായ ട്രീസ-ഗായത്രി സഖ്യത്തിലെ മലയാളി താരം ട്രീസ ജോളിയുടെ തോളിനേറ്റ പരിക്ക് ഭേദമായിട്ടില്ല. കഴിഞ്ഞ മാസം സ്വിസ്സ് ഓപ്പണ്‍ ബാഡ്മിന്റണിനിടെയാണ് പരിക്കേറ്റത്. ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ 30-ാം സ്ഥാനത്താണ് ട്രീസ-ഗായത്രി സഖ്യം.
















