കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ് ഉത്തരവ്. പ്ലാന്റേഷന്‍ ഭൂമിയില്‍ അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഭൂ നിയമങ്ങള്‍ ലംഘിച്ചുവെന്നും കാട്ടിയാണ് നടപടി.
1964ന് ശേഷമുള്ള എല്ലാ ഭൂമി കൈമാറ്റങ്ങളും ലാന്‍ഡ് ബോര്‍ഡ് റദ്ദാക്കി. അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് ഈ ഭൂമി ഉളളത്.
പ്ലാന്റേഷന്‍ ആവശ്യങ്ങള്‍ക്കുളള ഭൂമിയില്‍ ഒരുവിധ മുന്‍കൂര്‍ അനുമതിയും കൂടാതെയാണ് ദന്തല്‍ കോളേജ് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചത്. കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ ലംഘനമാണ് നടന്നത്.ഇതോടെ കോളേജ് ഉടമ ജബ്ബാര്‍ ഷാജിക്കും കുടുംബത്തിനും ഈ ഭൂമിയിലുണ്ടായിരുന്ന നിയമപരമായ അവകാശം പൂര്‍ണമായും ഒഴിവായി. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് വന്നതോടെ മിച്ചഭൂമിയായി കണ്ട് ഇത് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വൈകാതെ ആരംഭിക്കും.
















