മുംബൈ: ഭാരതത്തിന്റെ ഇതിഹാസ ഗായിക ആശ ഭോസ്‌ലെ (92) നിത്യതയില്‍ ലയിച്ചു. ഇന്നലെ വൈകിട്ട് 5.18ന് മുംബൈ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ആശയുടെ മകന്‍ ആനന്ദ് ഭോസ്ലെയാണ് അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചത്.
ലോവര്‍ പരേലിലെ വീട്ടില്‍ നടന്ന പൊതുദര്‍ശനത്തില്‍ പ്രിയ ഗായികയെ അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ആയിരങ്ങളാണെത്തിയത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, എംഎന്‍എസ് മേധാവി രാജ് താക്കറെ, ശിവസേന നേതാവ് ഷൈന എന്‍സി, മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, സിനിമാ താരങ്ങളായ രണ്‍വീര്‍ സിങ്, വിദ്യ ബാലന്‍, അമീര്‍ ഖാന്‍, വിക്കി കൗശല്‍, അനൂപ് ജലോട്ട, ഷാന്‍, വിവേക് ഒബ്‌റോയ്, റിതേഷ് ദേശ്മുഖ്, രമേശ് സിപ്പി, ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുഹമ്മദ് ഷിരാജ്, ഗാന രചയിതാവും തിരക്കഥാകൃത്തും സംഗീത സംവിധായകനുമായ ജാവേദ് അക്തര്‍ എന്നിവരടക്കം നിരവധി പ്രമുഖര്‍ ലോവര്‍ പരേലിലെത്തി. ഗായകരായ സുദേഷ് ഭോസ്‌ലെ, അനൂപ് ജലോട്ട, ഷാന്‍ എന്നിവര്‍ ആശ അനശ്വരമാക്കിയ പാട്ടുകള്‍ പാടിയാണ് അവര്‍ക്ക് അന്ത്യയാത്രയേകിയത്.
വീട്ടില്‍ നിന്നു ശിവാജി പാര്‍ക്ക് ശ്മശാനത്തിലേക്കുള്ള വിലാപയാത്രയും വികാരനിര്‍ഭരമായി. മഞ്ഞപ്പൂക്കളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആശയ്‌ക്ക് മഞ്ഞപ്പൂക്കളാല്‍ അലങ്കരിച്ച വാഹനത്തിലായിരുന്നു അന്ത്യയാത്ര. ശിവാജി പാര്‍ക്കിലേക്കുള്ള നിരത്തിലെങ്ങും പ്രിയ ഗായികയെ അവസാനമായി കാണാന്‍ ആളുകള്‍ തടിച്ചുകൂടി. പലരും വിങ്ങലുകള്‍ അടക്കി ആശയുടെ ഗാനങ്ങള്‍ ആലപിച്ചു. ചിലര്‍ പുഷ്പ വൃഷ്ടി നടത്തി. ശിവാജി പാര്‍ക്കിലെത്തിച്ച ഭൗതികദേഹം അവിടെ താത്കാലികമായി ഒരുക്കിയ വേദിയില്‍ അല്‍പസമയം വച്ച ശേഷമാണ് സംസ്‌കാര നടപടികള്‍ ആരംഭിച്ചത്. ശേഷം ആകാശത്തേക്ക് നിറയൊഴിച്ച് രാജ്യം ഏഷ്യയുടെ രാപ്പാടിക്ക് വിടചൊല്ലി. അതിനുശേഷം ആനന്ദ് ഭോസ്‌ലെ ചിതയ്‌ക്ക് അഗ്നി പകര്‍ന്നു.















