മഹാരാഷ്ട, സാംഗ്ലിയിലെ മങ്കേഷ്‌ക്കര്‍ കുടുംബത്തിലെ ഒരു ഞെട്ടില്‍ വിടര്‍ന്ന നാലുമണി പൂക്കള്‍! ലത, ആശാ, മീന, ഉഷ. നാലുപേരും ഗായികമാര്‍. ലത മങ്കേഷ്‌ക്കര്‍ ഭാരതീയ നീലക്കുയിലായി പ്രഥമ ശ്രേണിയിലെത്തി. ആശാ ഭോസ്ലേ രണ്ടാംസ്ഥാനമേ എന്നും കാംക്ഷിച്ചുള്ളൂ. ദീദിയുടെ പ്രഭാവത്തിന് കോട്ടം തട്ടാതെ സൂക്ഷിച്ച അസാമാന്യ മാതൃക. സിനിമയുടെ തനിമ ഉള്‍ക്കൊണ്ട അടക്കവും ഒതുക്കവുമുള്ള ഈ കുടുംബിനി ബോളിവുഡ് എണ്ണപ്പെടുന്ന ഗായികനിരയിലെത്തി. ആശാ ഭോസ്ലേ പതിനാറാം വയസില്‍ വിവാഹിതയായി, അമ്മയായി. എന്നിട്ടും പാടാനുള്ള ചാതുരി വെടിഞ്ഞില്ല. പ്രതികൂല സാഹചര്യങ്ങള്‍ നിരവധിയുണ്ടായിട്ടും പാരമ്പര്യ കലാവാസനയില്‍ പൊരുതി ജയിച്ചു. സ്വന്തമായൊരു മേല്‍വിലാസം ഉണ്ടാക്കി. അശ്രാന്ത പരിശ്രമവും ഉപാസനകളും ആവുംവിധം ലക്ഷ്യപ്രാപ്തിക്ക് സഹായകമായി. വിദേശത്തും മടി കൂടാതെ ഓര്‍ക്കസ്ട്രകളില്‍ പാടിയാടി ലോകപ്രശസ്തിയും നേടി. ആശയ്‌ക്ക് ലത ദീദിയിട്ട പേര് തന്നെ ടൂ ഇന്‍ വണ്‍ എന്നായിരുന്നു. പാടുക മാത്രമല്ല, സ്റ്റേജില്‍ അവര്‍ സന്ദര്‍ഭോചിതമായി മതിമറന്നഭിനയിച്ചാടുകയും ചെയ്യും.
അഭിമുഖഭാഗ്യം
ആശാ ഭോസ്ലേയെ തികച്ചും ആകസ്മികമായാണ് ഞാന്‍ കണ്ടുമുട്ടുന്നത്. മുംബൈ ഘാട്ട്കൂപ്പര്‍ ഹൈവേയില്‍. ജോലി കഴിഞ്ഞ് ട്രെയിനിലെ മല്‍പ്പിടുത്ത ക്ഷീണവുമായി രാത്രി തിരിച്ചുള്ള വേഗത കൂടിയ, വിശന്ന് പൊരിഞ്ഞ വരവ്. പെട്ടെന്ന് ഇരുട്ടിന്റെ മറവിലൊരു മാറിലെ രത്നത്തിളക്കം. കാലുകള്‍ സഡണ്‍ ബ്രേക്കിട്ടു. വിശ്വാസം വരാതെ സൂക്ഷിച്ചു നോക്കി. അതെ, ആരാധിക തന്നെ. വെപ്രാളപ്പെട്ട് സഞ്ചരിക്കുന്ന മഹാനഗര വഴിപോക്കരൊന്നും ശ്രദ്ധിക്കുന്നേയില്ല. രാഗചൈതന്യമുള്ളവര്‍ക്കല്ലേ ഇരുട്ടിലും സര്‍ഗവെളിച്ചം തെളിയൂ. ആശ്ചര്യം സ്ഥിരീകരിക്കാന്‍ അരികിലേക്ക് ചെന്നു. അവര്‍ അക്ഷമയും അസ്വസ്ഥയുമാണ്. ഒറ്റനോട്ടത്തില്‍ വേവലാതി പിടികിട്ടി. കാറിന്റെ മുന്‍വീലൊരെണ്ണം മാറ്റുന്ന തിരക്കിലാണ് ഡ്രൈവര്‍. ഫിലിം പിന്നണി ഗായിക ആശാ ഭോസ്ലേയല്ലേ? ചോദ്യംകേട്ട് ഡ്രൈവര്‍ തലപൊക്കി. മാഡത്തിനൊരു ബോട്ടില്‍ വെള്ളം വാങ്ങി കൊടുക്കാമോ? പണം ഞാന്‍ അഡ്വാന്‍സ് തരാം. ആശയുമത് ആശിച്ച് വരണ്ട തൊണ്ട തടവി. എന്റെ ഫ്‌ലാറ്റ് ദാ നേരെ കാണുന്നതാ. കയറിയാല്‍ വെള്ളമല്ല, കാപ്പിയും ലേശം മനസമാധാനത്തില്‍ ഇരുന്നു വിശ്രമിക്കാന്‍ ഇടവും. വെരി ഗുഡ്ഡെന്ന് ആംഗ്യം പോലും കാട്ടാതെ ലെഫ്റ്റ്റൈറ്റ് വീശി വിരല്‍ ചൂണ്ടിയ ദിശയിലേക്ക് നടത്തം തുടങ്ങി. അസമയത്ത് കാറിലൊറ്റക്കിരുപ്പും, ഇരുട്ടില്‍ അന്തം വിട്ടുനില്‍ക്കുന്നതും പന്തിയല്ലെന്ന് തോന്നി കാണും. എന്റെ മനസില്‍ ലഡു പൊട്ടിയെന്നു മാത്രം പറഞ്ഞാല്‍ പോരാ. ബാച്ച്‌ലര്‍ ലൈഫിന്റെ പാപ്പരത്തം ഈ വിശ്വപ്രശസ്ത ഗായിക നേരില്‍ കാണുമല്ലോയെന്ന വൈക്ലബ്യം അധികരിച്ചു. എന്റെ വീടും ഏതാണ്ടിതുപോലെയൊക്കെയായിരുന്നു. ഹൗസിങ്ങ് ബോര്‍ഡ് വരാന്തയിലന്നേരം അരഡസന്‍ അന്തേവാസികളുണ്ട്. വഴിയൊഴിഞ്ഞ് നിന്നതല്ലാതെ യാതൊരു ശല്യവുമുണ്ടായില്ല. സ്വന്തം ബയോഡാറ്റ പരിചയപ്പെടാന്‍ ഉണര്‍ത്തിച്ചു.
കസേര കുഷ്യനിലിരുന്ന പാടെ ദാഹം തീര്‍ത്തു. ഇനി ചോദിച്ചോളൂ ഫ്രീലാന്‍സ് ഫിലിം ജേണലിസ്റ്റുകാരന്‍. കിളികൊഞ്ചലിട്ടു. ഹിന്ദി അറിയാലോ? ചുരുക്കി ചുരുക്കി. ലുങ്കിയുടുത്ത മലയാളികള്‍ ചിലര്‍ സുപരിചിതരാണേ. നീട്ടി നീട്ടി രാമായണം വായക്കണ ശീലം വേണ്ടാ.
എവിടുന്ന് തുടങ്ങുമെന്ന ശങ്ക നീക്കാന്‍ ആശാജി തുടക്കമിട്ടു. പത്താം വയസില്‍ മറാഠി ചിത്രമായ മജാബാലിനുവേണ്ടി പാടിയതാദ്യം. പ്രാരംഭ ഗാനത്തിന് പുതുമയൊന്നുമില്ല. അതുകൊണ്ട് മനസിന് പടപടപ്പും കുറവായി. റെക്കോഡിങ് എളുപ്പമായി. തൊണ്ടപിടുത്തമില്ലാതെ സ്വരം സുഗമമായി. എന്റെ പാട്ടുകള്‍ ശ്രദ്ധിച്ചാല്‍ ചില സമാനതകള്‍ കാണാം. ജീവിതത്തിന്റെ പൊരുത്തക്കേട്. വീടാണെന്റെ സ്വര്‍ഗ്ഗം. മക്കള്‍ മാലാഖമാരും. അത് കഴിഞ്ഞേ കലാവാസനക്ക് സ്ഥാനമുള്ളൂ. മക്കളോടുള്ള മമത പാട്ടിലും അലിയാറുണ്ടെന്ന് കമ്പോസര്‍മാരുടെ അഭിപ്രായം. ശ്രോതാക്കളുമത് അതേപടി അംഗീകരിച്ച ലക്ഷണമുണ്ട്. സിനിമയിലൊരു പാട്ടുപാടാന്‍ അത്യാവശ്യം വേണ്ടത് സ്വരം മാത്രമല്ല. ശുപാര്‍ശ വേണം. ദീദിയുടെ പേരിന്റെ നിഴലില്‍ സ്വരവീചികള്‍ മുഴങ്ങി. ചില പാട്ടുകളുടെ ശൈലിയാസ്വദിച്ച് ദീദിപോലും മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. അവരുടെ ലളിതജീവിത സ്വഭാവം അങ്ങനാ. 20 വര്‍ഷം എനിക്ക് തുടരേ ചാന്‍സുതന്ന ഒ.പി. നയ്യാര്‍ മറക്കാനാവാത്ത വ്യക്തിമുദ്ര. അദ്ദേഹത്തില്‍ നിന്നും ക്ലാസിക്കല്‍ കവറേജ് കിട്ടി. ഏതൊഴുക്കിനും പാടാനുള്ള അപൂര്‍വ്വസിദ്ധി. എനിക്ക് ഡ്യൂവറ്റ് സോങ്ങില്‍ കൂടെ പാടാന്‍ ഇഷ്ടമുള്ള ഗായകന്‍, നോ ഡൗട്ട് മുഹമദ് റഫി സാഹബ്ബ്. അദ്ദേഹത്തിന്റെ പെരുമാറ്റം പോലെ ശബ്ദവും പുകള്‍ പെറ്റത്. ഗോഡ് ഗിവണ്‍ വോയ്സ്! കിഷോര്‍ കുമാര്‍ ചടപട പാടാന്‍ ഉസ്താദ്. എന്റെ ദീദി ലതാ മങ്കേഷ്‌ക്കര്‍ കഴിഞ്ഞേ ഈ നമ്പറുകളൊക്കെ വരൂട്ടോ. മലയാളി മങ്ക സഹധര്‍മ്മണിയായ മന്നാഡേ കരളിന് കുളിരുള്ള കവിയാണ്. അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് അതിഥിയായിട്ടുണ്ട്. കേരളീയ മഹോത്സവമായ ഓണം ഉണ്ണാന്‍. സദ്യ ഗംഭീരം. പപ്പടം, പഴം, പായസം. അതെല്ലാം ഇലയില്‍ വിളമ്പും. ഭക്ഷണം പീച്ചി കുഴച്ച് സംഭാരം പോലെ കോരിക്കുടിച്ചാലും കൊതി മാറില്ല. മലയാളികളുടെ മികവ് ഭക്ഷണത്തിലും വസ്ത്രധാരണത്തിലുമാണെന്ന് ദീദിപക്ഷം. സലില്‍ ചൗധിരിക്കു വേണ്ടി വയലാറെഴുതിയ കദളീ കണ്‍കദളീ ചെങ്കദളീ പൂവ്വേണോ… പാട്ടു കൊടുത്ത രാമു കാര്യാട്ടിനോടുള്ള അദമ്യ നന്ദി ആശാജിയും കൈക്കൂപ്പി പ്രദര്‍ശിപ്പിച്ചു. ഞാനും മലയാള സിനിമയ്‌ക്ക് വേണ്ടി പാടിയിട്ടുണ്ട്. ദീദിയെയാണ് രവീന്ദ്ര ജെയിന്‍ ബുക്ക് ചെയ്തിരുന്നത്. അവര്‍ക്ക് ദേഹാസ്വാസ്ഥ്യവും തൊണ്ട കുറുകലും അനുഭവപ്പെട്ടതിനാല്‍ പകരം എന്നെ വിട്ടു. പാട്ടു പഠിപ്പിക്കുമ്പോള്‍ രവീന്ദ്രജിക്കൊരു നെറ്റി ചുളിച്ചലുണ്ടായി. ഫേവറിറ്റ് സിങ്ങറെ ഒത്തുകിട്ടിയില്ലല്ലോ എന്ന മനോവിഷമം പിന്നീട് മാറി. ആപ്പ് കീ വോയ്സ് ട്യൂണ്‍ സേ കാഫി അച്ചാ ഹേ എന്ന പ്രശംസയും തന്നു. 1977 ല്‍ റിലീസു ചെയ്ത സുജാത എന്ന ചിത്രത്തിലെ സ്വയംവര ശുഭദിന മംഗളങ്ങള്‍, അനുമോദനത്തിന്റെ ആശംസകള്‍. രണ്ടുവരി സുഖിപ്പിക്കാന്‍ പാടി. ഭാഷാചാതുരി പഞ്ചേന്ദ്രിയ പൂതിയടക്കി. ഗാനരചയിതാവ് മാങ്കൊമ്പ് ഗോപാലകൃഷ്ണന്‍. ഈ സിനിമ ഞാന്‍ കുറേ പ്രാവശ്യം കണ്ടു രസിച്ചു. പ്രേം നസീര്‍, ജയഭാരതി ടീം വര്‍ക്ക് അസലായിരുന്നു. എനിക്കൊരു തീവ്ര സങ്കടമുണ്ട്. ഐറ്റം സോങ് പട്ടികയില്‍ എഴുതിത്തള്ളരുത് മലയാളികള്‍. നിശാക്ലബ്ബ് ബ്രേക്ക് ഡാന്‍സുകാരായ ഹെലനും പത്മ ഖന്നക്കും അരുണ ഇറാനിക്കും വേണ്ടി മാത്രം പാടുന്നവളായി തരം താഴ്‌ത്തല്ലേ. അങ്ങനെ നിലനില്‍പ്പിനിടെ സംഭവിച്ചു പോകുന്നതാണ്. നാം ആഗ്രഹിക്കാത്ത തെറ്റുകളല്ല അത്. ഞാന്‍ പാടിയ നല്ല സര്‍ഗ്ഗാന്മക ഗാനങ്ങളുണ്ട്. അതിനെ പറ്റി മാത്രം താങ്കളെഴുതിയാല്‍ മതി. ഹിന്ദി കൂടാതെ ഇരുപത് ഇതരഭാഷാ സിനിമകളില്‍ പാടിയിട്ടുണ്ട്. റഷ്യന്‍ സോങ്, പോപ്പ്, ഗസല്‍, ഫ്യൂഷന്‍, ഖവാലി എന്നിവയും പാടി പരീക്ഷിച്ചു. മാര്‍വാഡി, ഗുജറാത്തി, പഞ്ചാബി ഹരമായ നവരാത്രി ഖര്‍ബ്ബ, കോല്‍ക്കളി മേളം ചരണി റോഡിലെ ഓപ്പണ്‍ സ്പേസില്‍ ഈയിടെ സംഘടിപ്പിക്കയുണ്ടായി. പത്തുകോടി തകര്‍പ്പന്‍ കളക്ഷന്‍ നേടി. കാല്‍ നൂറ്റാണ്ട് മുമ്പ് അതൊരു റെക്കോഡഡ് വിജയമായിരുന്നു. ഞാനിപ്പോള്‍ ബോളിവുഡ് സംഗീത കുലപതി എസ്.ഡി. ബര്‍മ്മന്റെ മകന്‍ രാഹുല്‍ദേവ് ബര്‍മ്മന്റെ പ്രിയ പത്നിയാണ്. അതിലുപരി എന്റെ പിതാവ് നാടകവേദി ഗായകന്‍ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌ക്കറുടെ മകളാണെന്ന അഭിമാനവുമുണ്ട്. ആര്‍ഡിയെന്നെ ദേവിതുല്യമാണ് ബഹുമാനിക്കുന്നത്. ആ പദവിക്ക് കളങ്കം വരുത്താതിരിക്കാന്‍ കുറേ ഹിറ്റുഗാനങ്ങളും ഞങ്ങുടെ കോമ്പിനേഷന്‍ സമ്മാനിച്ചു. അദ്ദേഹത്തിന്റെ ഇമേജിന് ക്ഷീണം ഞാന്‍ കാരണം ഒരിക്കലും വരരുത് ബ്രദര്‍. സെന്‍സര്‍ സമ്മതിച്ചതും അവര്‍ സൂപ്പര്‍ഹിറ്റുകളുടെ നിറമാല നിര പാടി. ആശയുടെ ശബ്ദസ്ഫുടത കേട്ട അയല്‍പക്കവും വാതില്‍ക്കല്‍ തള്ളുകൂടി. ഒരു ഹൃസ്വ ഓര്‍ക്കസ്ട്ര തന്നെ തൊണ്ട പൊട്ടിച്ച് അരങ്ങേറി. ഹിറ്റ് പാടും മുമ്പേ സിനിമയുടെ പേര്, റിലീസ് വര്‍ഷം. ഗാനരചന, സംഗീതം, സീനിലഭിനയിച്ച താരങ്ങള്‍ എല്ലാം ബൈഹാര്‍ട്ട് പറഞ്ഞു. ആശാജിയുടെ മെമ്മറി പവര്‍ അപാരം!
ഹിറ്റ് ലിസ്റ്റ് മേളം
1966 ല്‍ പിടിച്ച പിടുത്തമാണ്. ജുംക്കാഗിരാരേ ബരേലി കീ ബാസാര്‍ മേ. മദന്‍മോഹന്‍ രാജാ, അഹമദി അലിഖാന്‍ ടീം പാട്ടിനെ പ്രമോട്ട് ചെയ്ത് നമ്പര്‍ വണ്ണിലെത്തിച്ചു. 1972 ല്‍ ഇറങ്ങിയ ജവാനി ദിവാനിയെന്ന ചിത്രത്തിലെ ജാനേ ജാന്‍ ഡൂണ്‍ഡ്ത്താഫിര്‍ രഹാ, തൂ കഹാം? മേയഹാം. സംഗീതപ്രേമികള്‍ കിഷോര്‍കുമാര്‍ ആശാ ബ്രേക്ക് സൃഷ്ടിച്ചു. ആനന്ദ് ബക്ഷിയുടെ വരികള്‍. ആര്‍.ഡി. ബര്‍മ്മന്‍ ചിട്ടപ്പെടുത്തി. രണ്‍ധീര്‍ കപൂറും ജയഭാദുരിയും മത്സരിച്ചഭിനയിച്ചു. ദം മാരോ ദം മിട്ട് ജായേ ഹം. കാലം മറക്കാത്ത ദേവാനന്ദ്, സീനത് അമന്‍ ജോഡി. 1971 ല്‍ ഇറങ്ങിയ സിനിമ ഹരേ രാമ ഹരേ കൃഷ്ണാ. വീണ്ടും ആനന്ദ് ബക്ഷി, ആര്‍.ഡി. ബര്‍മ്മന്‍ ഗാന വില്‍പനയില്‍ സര്‍വകാല റെക്കോഡ് തകര്‍ത്തു.
അതേ വര്‍ഷമിറങ്ങിയ കാരവന്‍ കേട്ടുനോക്ക്. പിയാതു അബ് തു ആ ജാ. മൃദുശ്രുതി ലഹരിയേകി. മജുരു സുല്‍ത്താന്‍പുരിയുടെ വരികള്‍ ആര്‍.ഡി. ബര്‍മ്മന്‍ സ്റ്റൈലുവരുത്തി. 1982 ലെ ജാനേ ജാന്‍ ഓ മേരി ജാനേ ജാന്‍. ഫിലിം സനം തേരി കസം. ഗുല്‍ഷന്‍ ബാവര എഴുതി ആര്‍.ഡി. സംഗീതമേകി ന്യൂജനറേഷനെ ബലഭേഷാക്കി. 1973 ല്‍ റിലീസായ യാ ദോ കീ ഭാരത് സിനിമ സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റാക്കിയ പാട്ട്. ചുരാലിയാ ഹേതും ജോദില്‍ക്കോ. മജുരു സുല്‍ത്താന്‍ പുരി ആര്‍.ഡി. ബര്‍മ്മന്‍ വര്‍ക്ക് വിശ്വപ്രശസ്തമായി. 1995 റിലീസ് രാംഗോപാല്‍ വര്‍മ്മയുടെ രംഗീല. രംഗീലാരേ.. മെഹബൂബിന്റെ വരികള്‍ എ.ആര്‍. റഹമാന്‍ കമ്പ്വോസു ചെയ്തു. മഹാരാഷ്‌ട്രക്കാരിയായ നായിക ഊര്‍മിള മണ്ടോദ്ക്കറുടെ സ്വരകടുംപിടുത്തം മൂലമാണ് ആശജിക്ക് നറുക്ക് കിട്ടിയത്. ദാ വന്നു 1996 ല്‍ ബപ്പിലാഹരിയുടെ ജവാനി ജാനേ മന്‍ഹസീന്‍… തരംഗമായി. ചിത്രം നമക്ക് ഹലാല്‍. അന്‍ജാന്‍ ഗാനരചന. ഇത്രയിലൂടെ കണ്ണോടിച്ചാല്‍ എന്റെ ലക്കി ലോട്ടറി പദം കിട്ടും. ഭാവനയൊന്നും ആവശ്യമില്ലാതെ എഴുതാനുള്ള ഫുള്‍ സ്റ്റഫ് നല്‍കി. അന്ന് നാനയും ചലച്ചിത്രവും രാഗമേനി അച്ചടിച്ച് കളര്‍ ഫുള്ളാക്കി.
ബഹുദൂര ബഹുമതികള്‍!
ഏതാണ്ട് എണ്‍പത് വര്‍ഷകാലം സിനിമാ പിന്നണി പാടിയതും റെക്കോഡ്. പന്ത്രണ്ടായിരം പാട്ടുകളുമായി ഗിന്നസ് ബുക്കിലിടം നേടി! ഗ്രാമി അവാര്‍ഡിന് നോമിനേഷന്‍ കിട്ടിയ പ്രഥമ ഭാരതീയ വനിതയാണ് ആശാ ഭോസ്ലേ.
പഴയകാല നടികളായ ഷര്‍മ്മിള ടാഗോര്‍, ആശാ പരേഖ് തുടങ്ങി കരിഷിമ കപൂര്‍, ഐശ്വര്യ ബച്ചന്‍, ഷമിത ഷെട്ടിവരെയുള്ളവരുടെ അധരങ്ങള്‍ക്ക് മാധുരിയേകി. 2022 ഇറങ്ങിയ ജാക്കി ഷെറോഫ് ലീഡിങ്ങ് റോളിലുള്ള ലൈഫീസ് ഗുഡ് എന്ന പടത്തിനായി ‘തുത്ബീ ഗെടാന്‍’ ഏറ്റവും ഒടുവില്‍ പാടിയ ഗാനം. പലവട്ടം ഫീമെയില്‍ സിങ്ങര്‍ ഫിലിം ഫെയര്‍ അവാര്‍ഡിനര്‍ഹയായി. 1981ലും 1988 ലും മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടി. 2000 ല്‍ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. 2008 ല്‍ പത്മവിഭൂഷണ്‍ നല്‍കി ബഹുമാനിച്ചു. ആദ്യ ഭര്‍ത്താവ് ഗണപത് റാവു ഭോസ്ലേ. മൂന്നുമക്കളുണ്ടായി ആ ദാമ്പത്യത്തില്‍. ഹേമന്ദ്, ആനന്ദ്, വര്‍ഷ. ആനന്ദ് മാത്രമേ ജീവിച്ചിരിപ്പുള്ളൂ. രണ്ടാം ഭര്‍ത്താവ് രാഹുല്‍ ദേവ് ബര്‍മ്മനില്‍ സന്താനങ്ങളില്ല. കൊഞ്ചുംചിലങ്കയുടെ ആയുസ് ദൈര്‍ഘ്യമനുസരിച്ച് അവര്‍ പാടിയുണര്‍ത്തിയ ഈണവും രാഗവും വരുംതലമുറകള്‍ക്ക് മുതല്‍ക്കൂട്ടാകട്ടെ. വേര്‍പിരിയലില്‍ പ്രണാമം!…
















