ചെന്നൈയിലെ ഏറെ പ്രശസ്തമായ പോയസ് ഗാർഡനിൽ ആഡംബര വസതി സ്വന്തമാക്കി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. 31.5 കോടി രൂപ വിലയുള്ള ആഡംബര ഡുപ്ലെക്‌സ് അപ്പാർട്മെന്റാണ് നയൻതാരയും പങ്കാളി വിഗ്നേഷ് ശിവനും വാങ്ങിയത്. തേനാപേട്ടിലെ ‘ലെഗസി’ എന്ന് പേരിട്ടിരിക്കുന്ന റസിഡൻഷ്യൽ പ്രൊജക്ടിലെ നാലും അഞ്ചും നിലകളിലായാണ് അപ്പാർട്‌മെന്റ്.
പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകൾ പ്രകാരം, 31.5 കോടി രൂപ വിലമതിക്കുന്ന 4 BHK ഇരുനില കെട്ടിടമാണിത് . 14,369 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. പുതുതായി വാങ്ങിയ പോയസ് ഗാർഡൻ വീട്ടിലേക്ക് അവർ ഉടൻ താമസം മാറുമെന്നും റിപ്പോർട്ടുണ്ട്.
ലാൻഡ്മാർക്ക് മെട്രോ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമാതാക്കൾ. രേഖകൾ പ്രകാരം കഴിഞ്ഞ ഡിസംബറിലാണ് ഇടപാട്. നയൻതാരയ്‌ക്ക് 90% ഓഹരിയും വിഗ്നേഷ് ശിവന് 10% ഓഹരിയുമാണ് ഉടമസ്ഥാവകാശം. എട്ട് റിസർവ്ഡ് പാർക്കിങ് സ്ലോട്ടുകളാണ് ഇവിടെയുള്ളത്.
പൊതുവെ സിനിമാ മേഖലയിലുള്ളവർ പോയസ് ഗാർഡനിൽ വീട് വാങ്ങുന്നത് ബഹുമതിയും അഭിമാനവുമാണെന്ന് കരുതുന്നു. വളരെ പ്രശസ്തരും സമ്പന്നരുമായ ആളുകളുള്ള ഒരു പ്രദേശമാണ് പോയസ് ഗാർഡൻ. ധനുഷ്, രജനീകാന്ത്, ജയലളിത തുടങ്ങിയ പ്രശസ്ത നടന്മാരും നടിമാരും വീടുകൾ വാങ്ങി അവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. അവിടെ ഒരു പ്ലോട്ടിന്റെ വില തന്നെ കോടികളാണ് .










