കല്യാണ സൗഗന്ധികത്തിലെ ഹനുമാനായി മകന്‍ വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ അച്ഛനമ്മമാര്‍ക്ക് അഭിമാനത്തിന്റെ നിമിഷം. കഥകളി കുടുംബമാണ് പ്രയാഗ് പി.കുമാറിന്റേത്. അഞ്ചര വയസ്സിലാണ് ഈ മിടുക്കന്‍ കഥകളിയില്‍ അരങ്ങേറ്റം കുറിച്ചത്. 44 വര്‍ഷമായികഥകളി വേഷക്കാരനായി തുടരുന്ന അച്ഛന്‍ കലാമണ്ഡലം പ്രദീപിന്റെ ശിക്ഷണത്തില്‍ അരങ്ങിലെത്തിയ പ്രയാഗ് പി. കുമാറിനിത് സംസ്ഥാന തലത്തിലെ കന്നിയങ്കമാണ്. സ്വന്തം തട്ടകത്തിലെ നേട്ടം കൂടിയാണ് തൃശൂര്‍ സിഎംഎസ്എച്ച്എസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനായ പ്രയാഗിനിത്.
അമ്മ മല്ലികയും ജേഷ്ഠന്‍ പ്രണവും കഥകളി വേഷക്കാരണ്. പ്രദീപ് തന്നെയാണ് ഇവരുടെയുംഗുരു. രാവണോത്ഭവം അവതരിപ്പിച്ചായിരുന്നു അച്ഛനും മക്കളും ഒന്നിച്ച് ആദ്യമായി വേദിയിലെത്തിയത്. അമ്മയും അച്ഛനും കഥകളി വേഷങ്ങളില്‍ വേദികളിലെത്തുമ്പോള്‍ മേളത്തിന് മക്കളും കൂടെ ഉണ്ടാകും. ഉത്സവത്തിരക്കുകള്‍ക്കിടയില്‍ കലോത്സവത്തിലെ പ്രയാഗിന്റെ എ ഗ്രേഡ് നേട്ടം കുടുംബത്തിനേകുന്നത് സംസ്ഥാന കലോത്സവ വേദിയിലെ പിന്തുടര്‍ച്ചയില്‍ ഉള്ള അഭിമാനത്തിന്റെ ഇരട്ടി സന്തോഷം.
ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജേഷ്ഠന്‍ പ്രണവ് പി. കുമാര്‍ എച്ച്എസ്സ്എസ്സ് തലത്തില്‍ രണ്ടു വര്‍ഷവും സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടിയിരുന്നു.











