പൂച്ച സാര്‍ സൈഡ് ആയി, ഇന്ന് സോഷ്യല്‍ മീഡിയ ഭരിക്കുന്നത് ഹസ്‌കിയാണ്. ഹസ്‌കി ഡാന്‍സ് ട്രെന്‍ഡ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നു. എഐയില്‍ നിര്‍മിച്ച ഹസ്‌കി എന്ന നായ, ഗാനങ്ങള്‍ക്ക് ചുവടുവെച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ചു.
ടിക്‌ടോക്കിന്റെ കാലത്തുള്ള വീഡിയോകള്‍ ആണ് കൂടുതലും ഹസ്‌കി ഡാന്‍സ് ട്രെന്‍ഡിലൂടെ പ്രചരിക്കുന്നത്. ക്യൂട്ട്‌നെസും ക്രിഞ്ചും ഓവര്‍ലോഡഡ് ആയ അന്നത്തെ വൈറല്‍ വീഡിയോകള്‍ ഇന്ന് വീണ്ടും അവതരിപ്പിക്കുന്ന ട്രെന്‍ഡും പിന്നാലെ വന്നു.
വൈക്കം സ്വദേശിയായ ഡി. അര്‍ജുനാണ് ഈ വൈറല്‍ ട്രെന്‍ഡിന്റെ സൃഷ്ടാവ്. ഹസ്‌കി ഡാന്‍സ് ഡെയ്ലി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ അദ്ദേഹം ഹസ്‌കിയുടെ ഡാന്‍സ് വീഡിയോകള്‍ പോസ്റ്റ് ചെയ്തു. വീഡിയോയുടെ അവസാനമാണ് ഡാന്‍സ് ചെയ്തുകൊണ്ട് ഹസ്‌കി എന്ന എഐ നായ എത്തുക. വെടി എന്ന തമിഴ് സിനിമയിലെ ‘ഇച്ചു ഇച്ചു’ എന്ന ഗാനത്തിന്റെ ചെറിയൊരു ഭാഗത്തിലാണ് ഹസ്‌കി ചുവടുവെക്കുന്നത്. ഇന്ന് ഹസ്‌കിക്ക് പകരം ഹസ്‌കിയുടെ സ്റ്റെപ്പുകള്‍ വെച്ച് വൈറലാകുന്നവരും ഉണ്ട്. ഈ പാട്ടിന്റെ ഗായകനും പ്രശസ്ത തമിഴ് നടനുമായ വിജയ് ആന്റണിയും ട്രെന്‍ഡ് റീക്രിയേറ്റ് ചെയ്ത് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇന്ന് ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഹസ്‌കിയുടെ ഡാന്‍സ് മാത്രം.
അങ്ങനെ ട്രെന്‍ഡ് കൈവിട്ടുപോയി. കേരളം കടന്നു, ഇനി എവിടെയൊക്കെ എത്തുമെന്ന് കണ്ടറിയാം.











