ആലപ്പുഴ: പട്ടികജാതി കുടുംബത്തിന്റെ ഭൂമി സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ കൈക്കലാക്കിയതായി പോലീസിൽ പരാതി. ഇതിനെച്ചൊല്ലി ഇദ്ദേഹത്തിന്റെ ഒരു മകൾ ഒഴികെയുള്ള ആറു മക്കൾ അതേസ്ഥലത്ത് കുടിലുകെട്ടി പ്രതിഷേധം തുടങ്ങി. വടികാട് എൽപി സ്കൂളിനു സമീപം കണ്ടത്തിൽ പുരയിടത്തിലാണു സംഭവം. പരേതനായ കെ. കൊച്ചുചെറുക്കന്റെ ഭൂമി കരളകം വാർഡിലെ ബ്രാഞ്ച് സെക്രട്ടറിമാരായ വർഗീസ് ജോസഫ്, ബി. ബിനുമോൻ എന്നിവർ സ്വന്തമാക്കിയെന്നാണു പരാതി.
കൊച്ചുചെറുക്കന് ഏഴു മക്കളാണുള്ളത്. ഇതിൽ ഗീതയെന്ന മകളുടെ പേരിൽ ആധാരം തയ്യാറാക്കിയാണ് തട്ടിപ്പു നടത്തിയതെന്ന് മറ്റു മക്കൾ ആരോപിക്കുന്നു. ഇവർ സിപിഎം ജില്ലാ സെക്രട്ടറിക്കു പരാതിയും നൽകി. എന്നാൽ, പാർട്ടി ഇതുവരെ പ്രശ്നത്തെക്കുറിച്ചു ചർച്ച ചെയ്തിട്ടില്ല.തങ്ങളുടെ പുരയിടത്തിനു സമീപം ഒരു വ്യവസായി ഏക്കറു കണക്കിനു ഭൂമി വാങ്ങിയിരുന്നു. ആ വസ്തുവിലേക്കു വാഹനം പോകണമെങ്കിൽ തങ്ങളുടെ പുരയിടംകൂടി വേണം. ഇതിനായി മൂന്ന് ലക്ഷം കൊടുത്ത ഗീതയുടെ ഒപ്പു മാത്രം വാങ്ങി വസ്തു വാങ്ങിയിരുന്നു.
ഭൂമി മറിച്ചുകൊടുക്കുന്നതിന് സഹോദരിയെ കബളിപ്പിച്ച് ഭൂമി തട്ടിയെടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗീത മൂന്നുലക്ഷം രൂപ വാങ്ങി വസ്തു തീറാധാരം നടത്തിയതിന്റെ രേഖകൾ ബ്രാഞ്ച് സെക്രട്ടറിമാരുടെ കൈവശമുണ്ട്. എന്നാൽ, ഇത് അസാധുവാണെന്നും ഗീതയ്‌ക്കു മാത്രമായി വസ്തുവിൽ അവകാശമില്ലെന്നുമാണ് മറ്റു മക്കളുടെ നിലപാട്.
















