‘പണ്ടൊരു പാട്ടു പഠിച്ചു, കല്‍ക്കരി തിന്നും തീവണ്ടി, വെള്ളം മോന്തും തീവണ്ടി…’ കുട്ടിക്കാലത്ത് നാം പാടിപ്പഠിച്ച ഈ വരികള്‍ക്കൊപ്പം നമ്മുടെ മനസ്സില്‍ പതിയുന്ന ഒരു ചിത്രമുണ്ട്; തീയും പുകയും തുപ്പുന്ന, കരിപുരണ്ട ഒരു ഭീകരരാക്ഷസന്റെ ചിത്രം. എന്നാല്‍, കാലവും ചരിത്രവും വഴിമാറുകയാണ്. ഭാരതത്തിന്റെ റെയില്‍ ഗതാഗത ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ഹൈഡ്രജന്‍ തീവണ്ടികള്‍ പാളങ്ങളിലേക്ക് ഇറങ്ങുമ്പോള്‍, ആ പഴയ ഭീകരരാക്ഷസന്റെ ചിത്രം നാം തിരുത്തി വരയ്‌ക്കുകയാണ്. വലിയ ശബ്ദമുണ്ടാക്കി ‘കുകൂ’ കൂവാതെ, പുതിയൊരു പ്രതീക്ഷയുമായി ഈ ജീവവണ്ടികള്‍ ഇനി ഭാരതീയ പാളങ്ങളില്‍ നിശ്ശബ്ദം പായും.
ഊര്‍ജ്ജത്തിന്റെ നാള്‍വഴികളും പുതിയ കാല്‍വെപ്പും
1766-ല്‍ ഹെന്റി കാവന്‍ഡിഷ് ഹൈഡ്രജന്‍ വാതകം കണ്ടെത്തിയത് മുതല്‍ 1839-ല്‍ വില്യം ഗ്രോവ് വികസിപ്പിച്ചെടുത്ത ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ വരെ നീളുന്നതാണ് ഈ വലിയ മാറ്റത്തിന്റെ ശാസ്ത്രീയ അടിത്തറ. ഗതാഗത രംഗത്ത്, വന്‍തോതില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന സ്റ്റീം എന്‍ജിനുകളില്‍ നിന്നായിരുന്നു റെയില്‍ ഗതാഗത യുഗത്തിന്റെ തുടക്കം. പിന്നീട് വേഗത കൂടിയ ഡീസല്‍ എന്‍ജിനുകളിലേക്കും അവിടെനിന്ന് വൈദ്യുതീകരണത്തിലേക്കും നാം മാറി. വൈദ്യുതീകരണം പാളങ്ങളിലെ പുക ഒഴിവാക്കിയെങ്കിലും, ആ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഇപ്പോഴും കല്‍ക്കരി നിലയങ്ങളെ ആശ്രയിക്കുന്നത് പരോക്ഷമായി പ്രകൃതിയെ ദ്രോഹിക്കുന്നുണ്ട്. ഇതിനുള്ള ശാശ്വത പരിഹാരമാണ് കാര്‍ബണ്‍രഹിതമായ ഹരിത ഹൈഡ്രജന്‍.
2018ല്‍ ജര്‍മ്മനിയാണ് ലോകത്താദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പുറത്തിറക്കിയത്. തുടര്‍ന്ന് സ്വീഡന്‍, ഫ്രാന്‍സ്, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും ഈ രംഗത്തെത്തി. എന്നാല്‍, പത്ത് കോച്ചുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബ്രോഡ് ഗേജ് ഹൈഡ്രജന്‍ ട്രെയിന്‍ പുറത്തിറക്കുന്നതിലൂടെ ഭാരതം ഈ സാങ്കേതികവിദ്യയില്‍ മുന്‍നിരക്കാരായി മാറുകയാണ്. ഹരിയാനയിലെ ജിന്ദ്-സോനെപത് പാതയില്‍ ഭാരതത്തിന്റെ സ്വന്തം ഹൈഡ്രജന്‍ ട്രെയിന്‍ ഓടിത്തുടങ്ങും.
റോഡ് ഗതാഗതവും ഭാരതത്തിന്റെ ഹരിത മുന്നേറ്റവും
റെയില്‍വേയ്‌ക്ക് മാത്രമല്ല, ഭാരതത്തിന്റെ റോഡ് ഗതാഗത രംഗത്തും വലിയൊരു ഹരിത വിപ്ലവത്തിനാണ് ഹൈഡ്രജന്‍ ഇന്ധനം വഴിയൊരുക്കുന്നത്. ചരക്കുഗതാഗതത്തിന് ഉപയോഗിക്കുന്ന കൂറ്റന്‍ ട്രക്കുകളിലും ദീര്‍ഘദൂര ബസുകളിലും ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകള്‍ ഉപയോഗിക്കുന്നത് അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയ്‌ക്കും. ബാറ്ററി വാഹനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ ഇന്ധനം നിറയ്‌ക്കാമെന്നതും ഒറ്റത്തവണ നിറച്ചാല്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാമെന്നതും ഹൈഡ്രജനെ റോഡ് ഗതാഗതത്തിലെ മികച്ച ബദലാക്കുന്നു.
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വന്‍ മുന്നേറ്റമാണ് ഭാരതം ഇതിനോടകം നടത്തിയിട്ടുള്ളത്. 19,744 കോടി രൂപ വകയിരുത്തിക്കൊണ്ട് ഭാരത സര്‍ക്കാര്‍ ആരംഭിച്ച ‘ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍’ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. 2030-ഓടെ പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ (5 എംഎംടി) ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനാണ് ഭാരതം ലക്ഷ്യമിടുന്നത്.
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ ഹൈഡ്രജന്‍ ബസുകളുടെയും ട്രക്കുകളുടെയും പരീക്ഷണയോട്ടം ഭാരതത്തില്‍ വിജയകരമായി നടത്തിക്കഴിഞ്ഞു. ഗതാഗത മേഖലയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഇല്ലാതാക്കുക (Netzero emissions) എന്ന സ്വപ്‌നത്തിലേക്കുള്ള ഭാരതത്തിന്റെ സുപ്രധാന ചുവടുവെപ്പുകളാണിവ.
പ്രകൃതിയുടെ താളമറിയുന്ന ചാക്രിക വികാസം
ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ, പ്രത്യേകിച്ച് ശുദ്ധമായ ഊര്‍ജ്ജം, നവീകരണവും അടിസ്ഥാന സൗകര്യ വികസനവും, കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ഇടപെടലുകള്‍ എന്നിവയുടെ പൂര്‍ത്തീകരണത്തില്‍ ഈ സാങ്കേതികവിദ്യ നിര്‍ണ്ണായകമാണ്. സാധാരണ വാഹനങ്ങളെപ്പോലെ വായു മലിനമാക്കുന്ന വാതകങ്ങളോ വലിയ ശബ്ദമോ ഹൈഡ്രജന്‍ വാഹനങ്ങള്‍ക്കില്ല. സൗരോര്‍ജ്ജം പോലെയുള്ള പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് ജലത്തെ വൈദ്യുതവിശ്ലേഷണം ചെയ്താണ് ഹരിത ഹൈഡ്രജന്‍ നിര്‍മിക്കുന്നത്.
ഫ്യൂവല്‍ സെല്ലുകളില്‍ വെച്ച് ഈ ഹൈഡ്രജന്‍ അന്തരീക്ഷത്തിലെ ഓക്‌സിജനുമായി പ്രവര്‍ത്തിക്കുമ്പോള്‍ യാത്രാക്കാവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഈ പ്രവര്‍ത്തനത്തിന്റെ അവസാനം പുറന്തള്ളപ്പെടുന്നത് തികച്ചും ശുദ്ധമായ ജലമോ നീരാവിയോ മാത്രമാണ്.
സാങ്കേതികവിദ്യയുടെ വിസ്മയം എന്നതിലുപരി, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന സമഗ്രമായ മൂല്യാധിഷ്ഠിത ജീവിതത്തിന്റെ ഉത്തമ മാതൃകയാണിത്. വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാതെ, പ്രകൃതിയില്‍ നിന്ന് ജലമെടുത്ത് ഊര്‍ജ്ജമാക്കി മാറ്റിയ ശേഷം, അതേ ജീവജലമായിത്തന്നെ അത് പ്രകൃതിക്ക് നിരുപദ്രവകരമായി തിരികെ നല്‍കുന്നു. പ്രകൃതിയുടെ സ്വാഭാവിക താളത്തിന് ഒട്ടും കോട്ടം തട്ടാതെയുള്ള ഈ ചാക്രിക വികാസം അങ്ങേയറ്റം മനോഹരമാണ്.
സമ്പദ്വ്യവസ്ഥയിലെ ഹരിത പ്രതിഫലനങ്ങള്‍
സാമ്പത്തിക മേഖലയില്‍ ഈ മാറ്റം സൃഷ്ടിക്കുന്ന കുതിച്ചുചാട്ടം ചെറുതല്ല. കോടിക്കണക്കിന് രൂപയുടെ പെട്രോളിയം ഇറക്കുമതിയാണ് പ്രതിവര്‍ഷം ഭാരതത്തിന് ബാധ്യതയാകുന്നത്. സ്വന്തം പ്രകൃതി വിഭവങ്ങളിലൂടെ ഊര്‍ജ്ജം കണ്ടെത്തുന്നതോടെ വിദേശനാണ്യ ശേഖരം ഗണ്യമായി വര്‍ദ്ധിക്കുകയും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാന്‍ രാജ്യത്തിന് സാധിക്കുകയും ചെയ്യും. ഹരിത ഊര്‍ജ്ജ ഉല്‍പ്പാദനം, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക ഗവേഷണം എന്നീ മേഖലകളില്‍ വലിയ തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതോടൊപ്പം, കുറഞ്ഞ നിരക്കില്‍ ആധുനികവും സുരക്ഷിതവുമായ യാത്രാസൗകര്യം സാധാരണക്കാര്‍ക്ക് ലഭ്യമാവുകയും ചെയ്യും.
മുന്‍ നിര രാഷ്‌ട്രങ്ങള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കുമ്പോള്‍, നാം ലോകത്തിന് മുന്നില്‍ വെക്കുന്നത് പ്രകൃതിയെ ചൂഷണം ചെയ്തുള്ള വികസനമല്ല, മറിച്ച് പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള സമഗ്ര വികസനമാണ്. മലിനീകരണത്തിന്റെ കരിപുരണ്ട ഭൂതകാലത്തെ ചരിത്രത്തിന്റെ താളുകളിലേക്ക് മാറ്റിനിര്‍ത്തിക്കൊണ്ട്, ജീവജലം നല്‍കി ജീവിത സൗകര്യം ഒരുക്കുന്ന ഈ പുതിയ ‘ജീവവണ്ടികള്‍’ പുതിയ ഭാരതത്തിന്റെ ശോഭനമായ ഭാവിയുടെ പ്രതീകമായി പാളങ്ങളില്‍ കുതിച്ചു പായട്ടെ.
ചരിത്രത്തിന്റെ പാളങ്ങളില്‍ ഇനി പുത്തന്‍ പാട്ടുകള്‍ മുഴങ്ങും. വാസ്തവത്തില്‍, ഇത് കേവലമൊരു യാത്രാമാറ്റമല്ല; വരും തലമുറയ്‌ക്കായി നാം കാത്തുവെക്കുന്ന ഏറ്റവും വലിയ കരുതല്‍ കൂടിയാണ്.











