ബെംഗളൂരു: മേക്കേദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ് നാട് എതിര്‍പ്പു രൂക്ഷമാക്കിയതിനെ തുടര്‍ന്ന് കന്നഡ ചലാവലി നേതാവവും മുന്‍ എംഎല്‍എയുമായ വാട്ടല്‍ നാഗരാജ് ആഹ്വാനം ചെയ്ത ബന്ദ് അത്തിബെല്ലെ- ഹൊസൂര്‍ അതിര്‍ത്തിയില്‍ ഇന്ന് നടക്കും.ഇതേ തുടര്‍ന്നു ഇരു സംസ്ഥാനങ്ങള്‍ക്കും ഇടയിലെ ഗതാഗതം തടസ്സപ്പെട്ടേക്കും. മേക്കേദാട്ടു പദ്ധതി നിര്‍മാണം ഊര്‍ജിതമാക്കാന്‍ കര്‍ണാടക സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ കൂടിയാണ് കന്നഡ ചലാവലി നേതാവ് വാട്ടാല്‍ നാഗരാജിന്റെ നേതൃത്വത്തില്‍ ബന്ദ് പ്രഖ്യാപിച്ചത്.
ബെംഗളൂരു സൗത്ത് (രാമനഗര) ജില്ലയിലെ കനക്പുരയില്‍ നടപ്പാക്കുന്ന 9000 കോടി രൂപയുടെ മേക്കേദാട്ടു പദ്ധതി 2013ലാണ് പ്രഖ്യാപിച്ചത്. ബെംഗളൂരുവില്‍ ഉള്‍പ്പെടെ ശുദ്ധജലമെത്തിക്കാനും 400 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനത്തിനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പദ്ധതിക്കെതിരായ തമിഴ്നാടിന്റെ ഹര്‍ജി 2025 നവംബറില്‍ സുപ്രീം കോടതി തള്ളിയിരുന്നു.











