വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി 13,14 തീയതികളില്‍ ആസാം സന്ദര്‍ശിക്കും. 18,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. നാളെ ഗുവാഹത്തി ഖാനപാറ വെറ്ററിനറി കോളജ് ഫീല്‍ഡില്‍ നടക്കുന്ന ഭാരതരത്‌ന ഡോ. ഭൂപന്‍ ഹസാരികയുടെ ജന്മശതാബ്ദിആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. ഡോ. ഹസാരികയുടെ ചിത്രം ആലേഖനം ചെയ്ത നാണയവും ചടങ്ങില്‍ മോദി പുറത്തിറക്കും.
14ന് മംഗള്‍ഡോയിയില്‍ എത്തുന്ന പ്രധാനമന്ത്രി 567 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ദരംഗ് മെഡിക്കല്‍ കോളജ്, നഴ്‌സിങ് കോളജ്, ജിഎന്‍എം സ്‌കൂള്‍ എന്നിവയുടെ തറക്കല്ലിടല്‍, ബ്രഹ്‌മപുത്ര നദിക്ക് കുറുകെ നരേംഗിയെ കുറുവയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെയും ഗുവാഹത്തി റിങ് റോഡിനും തറക്കല്ലിടും. 5000 കോടി രൂപ ചെലവില്‍ രാജ്യത്തെ ആദ്യത്തെ മുള അധിഷ്ഠിത ബയോ റിഫൈനറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ശേഷം ജോര്‍ഹട്ട് വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രി കൊല്‍ക്കത്തയിലേക്ക് പോകും.
















