ന്യൂദല്‍ഹി: എമ്പുരാന് സിനിമയിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്തു മാറ്റിയത് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമയുടെ പ്രഡ്യൂസറും നായകനും സംവിധായകനുമാണ് ചില ഭാഗങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചത്. ഇക്കാര്യം എല്ലാവിധ ഉറപ്പോടും കൂടിയാണ് സഭയില്‍ പറയുന്നത്. കേരളത്തില്‍ നടക്കുന്നത് ബിജെപിയെ കരിവാരിത്തേക്കാനുള്ള രാഷ്ട്രീയം മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വഖഫ് ബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മുനമ്പം വിഷയത്തില്‍ നിങ്ങള്‍ പാസാക്കിയ പ്രമേയം കേരളത്തിലെ ജനങ്ങള്‍ അറബിക്കടലില്‍ ചവിട്ടിത്താഴ്ത്തുമെന്നും സിപിഎം അംഗങ്ങളോടായി സുരേഷ് ഗോപി പറഞ്ഞു. എണ്ണൂറിലധികം പേരെ കൊന്നൊടുക്കിയ പാര്‍ട്ടിയാണ് സിപിഎമ്മെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിയെ വ്യക്തിപരമായി ആക്രമിച്ച് ജോണ്‍ ബ്രിട്ടാസ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിശിതമായ ഭാഷയിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ടി.പി 51വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകള്‍ റീറിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. ഈ സിനിമകള്‍ സംപ്രേക്ഷണം ചെയ്യാന്‍ കൈരളി ടിവിക്കും ജോണ്‍ ബ്രിട്ടാസിനും കൈരളിയുടെ ചെയര്‍മാനായ നടനും ധൈര്യമുണ്ടോ എന്നും അതില്ലാത്തവരാണ് എമ്പുരാന് വേണ്ടി നിലവിളിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എമ്പുരാന് ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് തനിക്ക് നന്ദി പറയുന്ന ഭാഗം മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നതായും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: