തിരുവല്ല: അയ്യപ്പഭക്തരെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് വേദിയില്‍ നടന്ന ‘ശബരീശ ഭജാമ്യഹം അയ്യപ്പഭക്ത സമ്മേളന’ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വകുപ്പുകളും സ്വന്തം നിലയ്ക്കാണ് അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നത്. തീര്‍ത്ഥാടകര്‍ക്ക് എങ്ങനെയൊക്കെ ദുരിതം ഉണ്ടാക്കമെന്നാണ് ഇവരുടെ നോട്ടം. നിലയ്ക്കലിലെ പാര്‍ക്കിങ്ങ് അടക്കമുള്ള കാര്യങ്ങള്‍ ഇതിനു തെളിവാണ്.
അടിസ്ഥാന സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആകുന്നില്ല. ഭക്തര്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ സാധിക്കുന്നില്ല. ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കാനുള്ള അവസരങ്ങള്‍ തല്‍പ്പരകക്ഷികള്‍ തടസപ്പെടുത്തുകയാണ്. ഇതെല്ലാം സനാതന സംസ്കാരത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്നതാണ്. ഇതിനെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. വരുംകാലങ്ങളില്‍ എങ്കിലും പരാതി രഹിത തീര്‍ത്ഥാടനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുംഭമേളയടക്കം മാതൃകാപരമായി നടക്കുമ്പോള്‍ ശബരിമലയുടെ പരിതാപാവസ്ഥ പരിഹരിക്കണമെന്ന് ഭക്തസംഗമം ആവശ്യപ്പെട്ടു. ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി അയ്യപ്പസേവാസമാജം അദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് പറഞ്ഞു.
മണ്ഡല മകരവിളക്കുകാലം ശബരിമലയിലെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആചാരലംഘനങ്ങളിലൂടെ ശബരിമലയുടെ പരിശുദ്ധി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ വി.ജി. തമ്പി പറഞ്ഞു. പരിപാടിയില്‍ തുകലശേരി അമൃതാനന്ദമയി മഠം മഠാധിപതി ഭവ്യാമൃതപ്രാണ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, അയ്യപ്പസേവാ സംഘം ദേശീയ സെക്രട്ടറി ഡി. വിജയകുമാര്‍, ഹിന്ദുമഹാമണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജി. കൃഷ്ണകുമാര്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: