കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച(ജൂണ്‍ 9) അവധി. പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം.
റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
ഉത്തര കേരളത്തില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് ജാഗ്രതയാണ് നിലവിലുള്ളത്.
കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
















