വാഷിങ്ടണ്‍: ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തോട് തിരിച്ചടിക്കാന്‍ കാനഡയും മെക്സിക്കോയും തീരുമാനി
ച്ചതോടെ വ്യാപാരയുദ്ധത്തിനു കളമൊരുങ്ങുന്നു. യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 15,500 കോടി കനേഡിയന്‍ ഡോളറിന്റെ ഉല്പന്നങ്ങള്ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നു കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പ്രഖ്യാപിച്ചു.
ആദ്യഘട്ടമായി 3000 കോടി ഡോളറിന്റെ ഉല്പന്നങ്ങള്ക്കു ചുങ്കം ചുമത്തുമെന്നും വരും ആഴ്ചകളില്‍ മറ്റു ഉല്പന്നങ്ങള്ക്കും ഇത് ബാധകമാക്കുമെന്നും ട്രൂഡോ പറഞ്ഞു. അമേരിക്കന്‍ ബിയര്‍, വൈന്‍, മദ്യം, പഴം, പച്ചക്കറി, പ്ലാസ്റ്റിക് തുടങ്ങി ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്ക്കും തീരുവ ബാധകമായിരിക്കും.
ഇറാനിലെ ബന്ദി പ്രതിസന്ധി, അഫ്ഗാന് യുദ്ധം, കത്രീന കൊടുങ്കാറ്റ്, കലിഫോര്‍ണിയ കാട്ടുതീ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളില്‍ യുഎസിനൊപ്പം കാനഡ നിന്നിട്ടുണ്ടെന്ന് ട്രൂഡോ പറഞ്ഞു. യുഎസിന്റെ സുവര്‍ണയുഗമാണ് ട്രംപ് ആഗ്രഹിക്കുന്നതെങ്കില്‍ കാനഡയുമായി മികച്ച സഹകരണമാണ് വേണ്ടത്, ട്രൂഡോ പറഞ്ഞു.
യുഎസ് ഭീഷണി നേരിടാന്‍ ‘പ്ലാന്‍ ബി’ തയാറാക്കി വരുകയാണെന്നാണ് മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷൈന്‍ബൗം പ്രതികരിച്ചത്. യുഎസ് ഉല്പന്നങ്ങള്ക്ക് 25 ശതമാനം ഇറക്കുമതി തീരുവ തിരികെ ചുമത്താനാണു മെക്സിക്കോയുടെ നീക്കമെന്നാണു സൂചന.
യുഎസിന്റെ ഇറക്കുമതിയുടെ 40 ശതമാനവും മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളില്‍നിന്നാണ്. വ്യാപാരയുദ്ധത്തിലും തീരുവ യുദ്ധത്തിലും വിജയികളുണ്ടാകില്ലെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഭാവിയിലെ ഉഭയകക്ഷി സഹകരണത്തെ മോശമായി ബാധിക്കുകയേ ഉള്ളൂ. ഇരു രാജ്യങ്ങള്‍ക്കുമുള്ള നേട്ടമുണ്ടാകുന്ന തരത്തില്‍ ചര്‍ച്ചകള്‍ക്കും സഹകരണത്തിനും അമേരിക്ക തയാറാകണമെന്നും ചൈന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: