ശിവഗിരി: ആചാരങ്ങളുടെ മറവിലായിരുന്നു ജനതയെ ഭിന്നിപ്പിച്ചു കൊണ്ടിരുന്നതും അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടിരുന്നതുമെന്ന് ശിവഗിരി മഠം അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ. ശിവഗിരി തീര്‍ത്ഥാടന കാലത്തിന്റെ ഭാഗമായി ഗുരുദേവശിഷ്യന്‍ നിത്യാനന്ദ സ്വാമി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു സ്വാമി.
കാലത്തിനനുസരിച്ച് പലതും മാറ്റിയ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസ സ്വാതന്ത്ര്യം, വസ്ത്രവും, സ്വര്‍ണവും ധരിക്കാനുള്ള അവകാശം ഇവയെല്ലാം നിഷേധിക്കപ്പെട്ടിരുന്നത് ആചാരം എന്ന പേര് പറഞ്ഞുകൊണ്ടായിരുന്നു. പരിവര്‍ത്തനങ്ങള്‍ വന്നപ്പോഴൊക്കെ നാട്ടില്‍ ഭിന്നാഭിപ്രായങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട.് എങ്കിലും മാറേണ്ട പലതും മാറിയിട്ടുമുണ്ടെന്നത് തിരിച്ചറിയേണ്ടതാണ്.
ശ്രീനാരായണ ഗുരുദേവന്റെ കര്‍മമേഖല സമാധാനത്തിന്റേതായിരുന്നു. ഗുരുദേവന് കാട്ടിത്തന്ന പാതയിലൂടെയാണ് ശിഷ്യപരമ്പരയും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. ഗുരുദേവദര്‍ശനം പ്രചരിപ്പിക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്, സ്വാമി പറഞ്ഞു.
ഗുരുധര്‍മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അധ്യക്ഷത വഹിച്ചു. സ്വാമി ദേശികാനന്ദയതി, ശിവഗിരി മഠം പിആര്‍ഒ ഇ.എം. സോമനാഥന്, ഗുരുധര്‍മപ്രചരണ സഭാ രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തീര്‍ത്ഥാടനകാല സമാപനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 7.30ന് പതാക ഇറക്കല്‍. തുടര്‍ന്ന് ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് തീര്‍ത്ഥാടന സമാപന സന്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: