ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ നിന്ന് വീരസവര്‍ക്കറുടെ ചിത്രം നീക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. 2022ല്‍ ബസവരാജ് ബൊമ്മൈ സര്‍ക്കാരാണ് ബെളഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയില്‍ സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ചത്.
ചിത്രം നീക്കാനുള്ള തീരുമാനത്തിനെതിരെ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ രംഗത്തെത്തി. ടിപ്പു സുല്‍ത്താനെ വാഴ്‌ത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
സവര്‍ക്കറെ അവഹേളിക്കുന്നത് തുടര്‍ന്നാല്‍ അവര്‍ക്ക് വലിയ വിലനല്‍കേണ്ടി വരും. രാജ്യത്തിനായി സവര്‍ക്കര്‍ ചെയ്ത സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ നെഹ്‌റു എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. ‘ കർണാടക സർക്കാർ ഇതിന് കണക്ക് പറയണം . സ്വാതന്ത്ര്യ സമര സേനാനി സവർക്കറെ അപമാനിക്കാൻ അവർ ശ്രമിച്ചു. സ്വാതന്ത്ര്യ സമര സേനാനി സവർക്കറെ അപമാനിച്ചതിന് അടുത്ത തിരഞ്ഞെടുപ്പിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെടും. ‘ – ബിജെപി നേതാവ് സുധീർ മുൻഗന്തിവാർ പറഞ്ഞു.
വോട്ടിനുവേണ്ടി ഹിന്ദുത്വ നിലപാട് ഉപേക്ഷിച്ച് ഉദ്ധവ് താക്കറെ നിശ്ശബ്ദത പാലിക്കുമോ? കോൺഗ്രസുമായി സഖ്യം രൂപീകരിക്കുമ്പോൾ താക്കറെ സവർക്കറുടെ ആശയങ്ങളെയും ഉപേക്ഷിക്കുകയാണ് . അതുകൊണ്ടാണ് ഇന്ന് അവരെ ‘ടിപ്പു സേന’ എന്ന് വിളിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനി സവർക്കറുടെ ചിന്തകൾ അനശ്വരമാണെന്നും അദ്ദേഹത്തെ അപമാനിച്ച കോൺഗ്രസിനും കൂട്ടാളികൾക്കും ചരിത്രം ഒരിക്കലും മാപ്പ് നൽകില്ലെന്നും മഹാരാഷ്‌ട്ര ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: