ഗുവാഹത്തി : മണിപ്പൂർ കലാപങ്ങളിൽ കൃത്യമായി ഇടപെടാൻ ഒരുങ്ങി ദേശീയ അന്വേഷണ ഏജൻസി. മണിപ്പൂരിലെ മെയ്തെയ് വിഭാഗത്തിന്റെ റാഡിക്കൽ സംഘടനയായ അരംബായ് തെങ്കോളിന്റെ പരമോന്നത നേതാവ് കൊറോ നഗൻബ ഖുമാനും കുക്കി തീവ്രവാദികളും എൻഐഎയുടെ റഡാറിന് കീഴിലെന്നാണ് റിപ്പോർട്ട്.
സംഘർഷം രൂക്ഷമായ മണിപ്പൂരിൽ സുരക്ഷാ സേനയ്‌ക്കെതിരായ നാല് ആക്രമണങ്ങളും ഐഇഡി സ്‌ഫോടനവും അന്വേഷിക്കാൻ എൻഐഎയെ ഇതിനോടകം കേന്ദ്രം ചുമതലപ്പെടുത്തി. ഇംഫാലിലെ ഫസ്റ്റ് ബറ്റാലിയൻ മണിപ്പൂർ റൈഫിൾസ് സമുച്ചയത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിച്ചത്, മോറെയിലെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ പോസ്റ്റിന് നേരെ നടന്ന ആക്രമണം, ബിഷ്ണുപൂരിലെ ഐഇഡി സ്ഫോടനം എന്നിവയാണ് എൻഐഎ അന്വേഷണത്തിൽ ഉൾപ്പെടുന്നത്.
ഇതിനു പുറമെ ആഭ്യന്തര മന്ത്രാലയത്തിലെ കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ ഡിവിഷൻ നാല് കേസുകളിൽ കൂടുതൽ അന്വേഷണം നടത്താൻ എൻഐഎയോട് അടുത്തിടെ ഉത്തരവിടുകയും ചെയ്തു. ഇത് സംബന്ധിച്ചുള്ള കേസുകൾ ഇംഫാലിലെ എൻഐഎ കോടതിയിൽ നിന്ന് ഗുവാഹത്തിയിലെ എൻഐഎ പ്രത്യേക കോടതിയിലേക്ക് ഈയിടെ സുപ്രീം കോടതി മാറ്റിയിട്ടുണ്ട്.
ഖുമാൻ ഉൾപ്പെട്ട ആദ്യ കേസ് കഴിഞ്ഞ വർഷം നവംബർ ഒന്നിന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി അറമ്പായി തെങ്കോൽ അംഗങ്ങൾ അത്യാധുനിക ആയുധങ്ങളുമായി നടന്ന സംഭവവുമായി ബന്ധപ്പെട്ടതാണെന്ന് എൻഐഎ സുപ്രീം കോടതിയിൽ സമർപ്പിച്ച ട്രാൻസ്ഫർ ഹർജിയുടെ പകർപ്പിൽ പറയുന്നുണ്ട്. ഓരോ കേസും വിശദമായി അന്വേഷിക്കണമെന്നും റിപ്പോർട്ട് നൽകണമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം.
അതേ സമയം കഴിഞ്ഞ വർഷം മേയ് മുതൽ ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള മെയ്തി വംശജരും സമീപ കുന്നുകൾ കേന്ദ്രീകരിച്ചുള്ള കുക്കി-സോ ഗ്രൂപ്പുകൾക്കുമിടയിലുമുണ്ടായ വംശീയ അക്രമത്തിൽ ഇതുവരെ 250-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: