തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും മുന്‍ ജയില്‍ ഡിജിപിയുമായ ആര്. ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരം ഈശ്വരവിലാസം റോഡിലുള്ള വസതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ഭര്‍ത്താവ് ഡോ. എസ്. സേതുനാഥും ബിജെപി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ പൊന്നാട അണിയിച്ച ശേഷം പൂച്ചെണ്ടും താമരപ്പൂവും നല്കി സുരേന്ദ്രന് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
നരേന്ദ്ര മോദിയുടെ പ്രഭാവമാണ് പാര്‍ട്ടിയിലെത്തിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. ബിജെപിയുടെ ആദര്‍ശങ്ങളില്‍ വിശ്വാസമുണ്ട്. 33 വര്‍ഷം നിഷ്പക്ഷമായി പ്രവര്‍ത്തിച്ചു. അനുഭവത്തിന്റെയും അറിവിന്റെയും പശ്ചാത്തലത്തില്‍ ഇതാണു വഴിയെന്ന് തോന്നി. ബിജെപിയിലൂടെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് കൈവരുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.
പോലീസില്‍ നിരവധി പരിഷ്കാരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള ധീരവനിതയാണ് ശ്രീലേഖയെന്ന് സുരേന്ദ്രന് പറഞ്ഞു. പോലീസില്‍ സ്ത്രീശാക്തീകരണത്തിനായി വിപ്ലവകരമായ പല തീരുമാനങ്ങളും ശ്രീലേഖയെടുത്തു. അറിവിന്റെയും ശക്തിയുടെയും ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് എഴുത്തുകാരി കൂടിയായ ഒരു ധീരവനിതയ്ക്ക് അംഗത്വം നല്‍കാനായത് അഭിമാനകരമാണെന്നും സുരേന്ദ്രന് പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: