വേദങ്ങളിലെ കര്‍മ്മകാണ്ഡമാണ് ബ്രാഹ്മണങ്ങള്‍. യജ്ഞങ്ങളിലൂടെ എങ്ങിനെയാണ് പഞ്ചഭൂതങ്ങളെ സംരക്ഷിക്കാന്‍ സാധിക്കുമെന്നതാണ് ബ്രാഹ്മണങ്ങളിലെ പരിസ്ഥിതി പ്രമേയം. പ്രകൃതിയാകുന്ന പഞ്ചഭൂതങ്ങള്‍ കനിഞ്ഞാല്‍ മാത്രമേ സസ്യ, ജന്തു വര്‍ഗ്ഗങ്ങള്‍ക്കു പുഷ്ടിയുണ്ടാവൂ. സ്മൃതികളില്‍ കുറേകൂടി വ്യക്തവും ശക്തവുമായ പരിസ്ഥിതി സംരക്ഷണ നിര്‍ദേശങ്ങളുണ്ട്. വായു, ജലം, മണ്ണ്, വനം, പക്ഷി മൃഗാദികള്‍ എന്നിവയുടെ സംരക്ഷണ മാര്‍ഗങ്ങള്‍ ഇവയില്‍ ലഭ്യമാണ്. അത്രിസ്മൃതി ഉദാഹരണം.
ക്ഷേത്രങ്ങള്‍, ധര്‍മശാലകള്‍, ശവപ്പറമ്പുകള്‍ എന്നിവിടങ്ങളിലെ ഫലവൃക്ഷങ്ങള്‍ വെട്ടിയാല്‍, അത്രിസ്മൃതിയിലെ പരിസ്ഥിതി നിയമമനുസരിച്ച് അതേ സ്ഥലങ്ങളിലെ പാഴ്വൃക്ഷങ്ങള്‍ വെട്ടുന്നതിന്റെ ഇരട്ടി പിഴ ഈടാക്കണമായിരുന്നു. പക്ഷികളെയും, മൃഗങ്ങളെയും കൊന്നാല്‍ പ്രത്യേക ശിക്ഷാ വിധികളാണ് മനുസ്മൃതി നിര്‍ദേശിക്കുന്നത്. ഗൗതമ ധര്‍മശാസ്ത്രം, ആപസ്തംഭ ധര്‍മശാസ്ത്രം, വിഷ്ണു പുരാണം, യാജ്ഞവല്ക്യ സ്മൃതി എന്നിവയിലും പരിസ്ഥിതി സംരക്ഷണ നിര്‍ദേശങ്ങള്‍ കാണാം. (https://www.wisdom lib.org/hinduism/book/manusmriti with the commentary of medhatithi/d/doc202018.html#:)
രാമായണവും മഹാഭാരതവും
രാമായണവും മഹാഭാരതവും പ്രകൃതി സത്യങ്ങളുടെയും പാരിസ്ഥിതിക അനുഭൂതിയുടെയും സാമൂഹ്യ ധര്‍മ്മങ്ങളുടെയും കുടുംബ സങ്കല്പങ്ങളുടെയും വ്യക്തിബന്ധങ്ങളുടെയും ചരിത്ര യാഥാര്‍ഥ്യങ്ങളും ഭാവനാ രസങ്ങളും കൂടിച്ചേര്‍ന്നതാണ്. കടലിന്റെ നീലിമയും പര്‍വതങ്ങളുടെ ഗാംഭീര്യവും കാനനങ്ങളുടെ പച്ചപ്പും പുഴകളുടെ നനവും പുല്‍മേടുകളുടെ സ്പര്‍ശവും ഗ്രാമങ്ങളുടെ നന്മയും നഗരങ്ങളുടെ ആര്‍ഭാടവും എല്ലാം ഇവയില്‍ വേണ്ടവിധത്തില്‍ വിളക്കിയും ഇണക്കിയും ചേര്‍ത്തിരിക്കുന്നു. ചെന്നൈയില്‍ നിന്നുള്ള സസ്യ ശാസ്ത്രജ്ഞരായ അമൃതലിംഗവും സുധാകറും ചേര്‍ന്ന് സിപിആര്‍ ഫൗണ്ടേഷന് വേണ്ടി 2013-ല്‍ നടത്തിയ പഠനത്തില്‍, രാമായണത്തില്‍ പറഞ്ഞിട്ടുള്ള പ്രദേശങ്ങളില്‍ 182 സസ്യങ്ങള്‍ ഇന്നും വളരുന്നുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു. ചിത്രകൂടം, നൈമിശാരണ്യം, ദണ്ഡകാരണ്യം, പഞ്ചവടി, ചൈത്രരഥവനം, ശാലവനം, താടകവനം എന്നിവ അതത് പ്രദേശങ്ങളില്‍ കണ്ടെത്താന്‍ ഈ പഠനത്തിന് കഴിഞ്ഞു. കൂടാതെ അപൂര്‍വ പക്ഷികളെയും ജന്തുക്കളെയും കണ്ടെത്തി. രാമസേതുവിന്റെ ചിത്രം നാസയും ഇപ്പോള്‍ നമ്മുടെ ഐഎസ്ആര്‍ഒയും എടുത്തിട്ടുണ്ട്. എന്നിട്ടും ‘ശാസ്ത്രബുദ്ധികള്‍ക്ക്’ അത് ബോധ്യപ്പെട്ടിട്ടില്ല. അതിന് ഇനിയും സമയമേറെ എടുക്കും.
രാമായണം തുടങ്ങുന്നത് തന്നെ ‘അരുതു കാട്ടാളാ’ എന്ന അലര്‍ച്ചയോടെയാണ്. അഹിംസയാണ് സന്ദേശം. ധര്‍മ്മ സംസ്ഥാപനത്തിന്, അനിവാര്യ അവസരത്തിലേ ഹിംസയെ ആശ്രയിക്കാവൂ. ആധുനിക കാട്ടാളന്മാര്ക്കും ഈ തത്ത്വം ബാധകമാണ്. യുദ്ധകാണ്ഡത്തില്‍, ഹനുമാന് മൃതസഞ്ജീവനിക്കായി ഒരു പര്‍വതം തന്നെ പറിച്ചുകൊണ്ടുവന്നു. ആവശ്യം കഴിഞ്ഞ് അതേപടി അത് തിരിച്ചുവച്ചു. ആധുനിക ‘മലയിടിയന്മാര്‍ക്ക്’ ഇതൊരു പാഠമാണ്. രാമായണത്തിലെ ആരണ്യകാണ്ഡവും മഹാഭാരതത്തിലെ വനപര്‍വവും വനത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നു.
നക്ഷത്ര വനങ്ങള്‍
ഓരോ വ്യക്തിയും നക്ഷത്രമനുസരിച്ചുള്ള വൃക്ഷ, മൃഗ, പക്ഷികളെ സംരക്ഷിക്കുന്നത് പുണ്യമായാണ് ഭാരതം കണ്ടത്. 27 നക്ഷത്രക്കാര്‍ 27 ഇനം വൃക്ഷങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കുമ്പോള്‍ സമൂഹത്തിലെ ജൈവ വൈവിധ്യമാണ് സംരക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ ഗ്രാമങ്ങളില്‍ ജൈവ വൈവിധ്യ സംരക്ഷണ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഇവ സംരക്ഷിക്കാന്‍ നടപടി കൈക്കൊള്ളുന്നു. ഇതോടൊപ്പം നമ്മുടെ പാരിസ്ഥിതിക സംസ്കാരം കൂടി സമ്മേളിപ്പിച്ചാല്‍ ഇതു കൂടുതല്‍ വിജയിച്ചേനേ.
ദേവാരണ്യങ്ങള്‍
ക്ഷേത്രത്തിലെ ദേവന്റെ സ്വത്താണ് ദേവസ്വം. ഇതില്‍ സ്ഥാവര ജംഗമങ്ങളെല്ലാം പെടും. നൂറുകണക്കിന് ഏക്കര്‍ വനങ്ങള്‍ ക്ഷേത്രങ്ങളുടേതായി സംരക്ഷിക്കപ്പെട്ട നാടാണ് ഭാരതം. എന്നാല്‍ പിന്നീടിവ സ്ഥാപിത താല്പര്യക്കാര് കൈയേറി നശിപ്പിച്ചു. ദേവന്റെ വനം സംരക്ഷിക്കുകയെന്നാല്‍ നാടിന്റെ സംരക്ഷണമാണെന്ന് ആധുനികര്‍ക്ക് മനസ്സിലായില്ല. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനം മൂലം ചൂടുകൂടുന്നത് അനുഭവിക്കുക തന്നെ.
സര്‍പ്പക്കാവുകള്‍
ലോകത്തിലെ പ്രാദേശിക, പ്രാചീന സംസ്കാരങ്ങളില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സര്‍പ്പാരാധനയും അതിനോടനുബന്ധിച്ച് വന സംരക്ഷണവും നിലനില്‍ക്കുന്നുണ്ട്. പുരാതന ഭാരതത്തിലും ഗ്രീസിലും റോമാ സാമ്രാജ്യത്തിലും ചൈനയിലും ഈജിപ്തിലും, ഇന്തോനേഷ്യയിലുമൊക്കെ സര്‍പ്പാരാധന കാണാവുന്നതാണ്. ഭാരതത്തില്‍ തന്നെ കേരളത്തിലും, കര്‍ണാടകത്തിലും, ബംഗാളിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലുമൊക്കെ ഈ സമ്പ്രദായം നിലവിലുണ്ട്. പ്രാദേശികമായ നിബിഡ വനങ്ങള്ക്കുള്ളില് സര്‍പ്പങ്ങളെ ദേവതകളായി കരുതി, ഇതര ദേവന്മാരെയും ഉള്‍പ്പെടുത്തി സംരക്ഷിക്കുന്ന വനഭൂമികളാണ് സര്‍പ്പക്കാവുകള്‍. ആരെങ്കിലും ഇവ നശിപ്പിച്ചാല്‍ ദൈവ കോപമുണ്ടാകുമെന്ന ഭയമാണ് സര്‍പ്പക്കാവുകളെ രക്ഷിച്ചത്. (Kailash C. Malhotra, Yogesh Gokhale(et.al) Sacred Grove-s of India: An Over view (2007)
പാരിസ്ഥിതികമായി പറഞ്ഞാല്‍, സര്‍പ്പക്കാവുകള്‍ ജൈവ വൈവിധ്യത്തിന്റെയും, ജലസ്രോതസ്സുകളുടെയും കേന്ദ്രങ്ങളാണ്. അനേകതരത്തിലുള്ള സസ്യവര്‍ഗങ്ങളും അവക്കൊപ്പം മഴക്കാല ജലത്തെ വലിച്ചെടുത്തു സൂക്ഷിച്ച് വേനലില്‍ നീരുറവായി നല്കുന്ന സ്പോഞ്ചു പോലുള്ള മണ്ണാണ് സര്‍പ്പക്കാവുകളുടെ പ്രത്യേകത. ജൈവ വൈവിധ്യ സംരക്ഷണത്തിനും വേനല്‍ക്കാല ജലത്തിനും വേണ്ടി നെട്ടോട്ടമോടുന്ന ആധുനിക മനുഷ്യര്‍ക്കുള്ള ഭാരതീയ പരിസ്ഥിതി വിവേകത്തിന്റെ സംഭാവനയാണ് സര്‍പ്പക്കാവുകള്‍. ഈ പ്രാധാന്യത്തെ നേരത്തെ മനസ്സിലാക്കിയ നമ്മുടെ പഴമക്കാര്‍ പറഞ്ഞു, ‘കാവുതീണ്ടിയാല്‍, കുളം വറ്റുമെന്നു.’ എത്ര ശരിയായ പ്രവചനം!
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: